കൊല്ലം: വർഷം അവസാനിക്കാനിരിക്കെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ജില്ലയിൽ 222 കേസുകൾ. നവംബർ വരെയുള്ള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്തവയിൽ 184 പോക്സോ കേസുകളും ഉൾപ്പെടുന്നു. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതുൾപ്പെടെയുള്ള കേസുകളുടെ കണക്കുകളാണിവ.
ആൺകുട്ടികളും പെൺകുട്ടികളും കുടുംബങ്ങളില്‍ പോലും സുരക്ഷിതരല്ലെന്നതിന് തെളിവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ ബാഹുല്യം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരില്‍ 90 ശതമാനവും പരിചയക്കാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതില്‍ ഭൂരിഭാഗവും പരിചിതരായ സുഹൃത്തുക്കളോ പ്രായമുള്ളവരോ കുട്ടികളെ അടുത്തറിയുന്നവരോ ആണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ നിരവധി സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴും കേസുകളുടെ എണ്ണം ദിനേന വർധിക്കുകയാണ്.
ലഹരിപദാർഥങ്ങൾക്ക് അടിമപ്പെട്ട് അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന കേസുകളും നിരവധിയാണ്. ഓൺലൈൻ വഴിയും മറ്റും സൗഹൃദം സ്ഥാപിച്ച് കുട്ടികളെ കെണിയിൽ വീഴ്ത്താൻ നിരവധി സംഘങ്ങളാണ് രഹസ്യമായി പ്രവർത്തിക്കുന്നത്.
ഒരു പരിചയമില്ലാത്തവരുമായിപോലും സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികൾ ഉൾപ്പെടെ വലയിലാവുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ അതിഭീകരമായ രീതിയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ്. ആറുമാസം മുതലുള്ള കുട്ടികള്‍വരെ അതിക്രമത്തിന് ഇരയാക്കപ്പെടുന്നുണ്ട്.
കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വർധിച്ചിരുന്ന ഘട്ടത്തില്‍ അവരുടെ സംരക്ഷണത്തിനായി 2012ലാണ് ചൈൽഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചത്. ഇതിന്റെ പ്രവര്‍ത്തനം പരാജയപ്പെടുന്നതായാണ് പുറത്തുവരുന്ന അതിക്രമങ്ങളുടെ തോത് വെളിപ്പെടുത്തുന്നത്.
എന്നാല്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ മൂടപ്പെടാതെ പുറത്തുവരുന്നുണ്ട്. പോക്സോ നിയമത്തിലെ 19ാം സെക്ഷൻ പ്രകാരം കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ എത്രയും പെട്ടെന്ന് പൊലീസിൽ അറിയിക്കണം. ഇതിന്റെ ലംഘനം പോക്സോ നിയമത്തിലെ സെക്ഷൻ 21 അനുസരിച്ച് ഒരുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ്. കുട്ടികള്‍ക്കുനേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്കരിച്ചത്. 1517 എന്ന ഫോണ്‍ നമ്പറില്‍ കുട്ടികള്‍ക്കുനേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാം. കൂടാതെ ചൈൽഡ് ലൈൻ നമ്പറായ 1098 എന്ന നമ്പറിലും വിവരങ്ങൾ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.