കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മത്സ്യമേഖലയുടെയും സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള മത്സ്യഫെഡ് പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. ജില്ലയില്‍ മത്സ്യഫെഡിന്റെ മൂന്ന് ഡീസല്‍ ബാങ്കുകളും രണ്ട് മണ്ണെണ്ണ ബങ്കുകളും രണ്ട് വ്യാസ സ്റ്റോറുകളും ഐസ് പ്ലാന്റും വഴി മത്സ്യബന്ധനത്തിനാവശ്യമായ ഇന്ധനവും ഉപകരണങ്ങളും വിതരണം ചെയ്യുന്നു.
ഇന്ധന വിലവര്‍ധനയില്‍നിന്ന് ആശ്വാസമായി 100 ലിറ്റര്‍മുതല്‍ മുകളിലോട്ട് ഡീസല്‍ നിറക്കുന്ന യാനങ്ങള്‍ക്ക് ലിറ്ററിന് ഒരു രൂപ കുറച്ച് നല്കുന്ന പദ്ധതി 2021 മുതല്‍ നടപ്പാക്കുന്നു.
ശക്തികുളങ്ങര, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ പൊതുമേഖല എണ്ണ കമ്പനികളുടെ സഹകരണത്താല്‍ പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകളില്‍ ഏകദേശം 3.5 ലക്ഷം മുതല്‍ നാല് ലക്ഷം ലിറ്റര്‍ വരെ പ്രതിമാസം ഡീസല്‍ വിതരണം ചെയ്യുന്നു. 100ലധികം യാനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 68.15 ലക്ഷം ഈ ഇനത്തില്‍ സബ്സിഡി നല്‍കിയിട്ടുണ്ട്. മണ്ണെണ്ണ എൻജിന് ഉപയോഗിക്കുന്ന 1900 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 25 രൂപ നിരക്കില്‍ ഇതുവരെ 1.15 കോടി രൂപ മണ്ണെണ്ണ സബ്സിഡിയായി വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ മികവ് വിദ്യാഭ്യാസ അവാര്‍ഡ് വഴി 8.30 ലക്ഷം രൂപ വിതരണം ചെയ്തു.
മത്സ്യബന്ധന ഉപകരണ വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക തുകയില്‍ പലിശയും പിഴപ്പലിശയും എഴുതിത്തള്ളി മുതല്‍തുക മാത്രം അടച്ച് വായ്പ കണക്ക് തീര്‍പ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 108 പേര്‍ക്കായി 63.43 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കി.
മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാനായി 10.70 കോടി രൂപയുടെ പലിശരഹിത വായ്പ വിതരണം ചെയ്തു. 15 ശതമാനം സബ്സിഡിയും നല്കിവരുന്നു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ സ്വയംസഹായ ഗ്രൂപ്പുകള്‍ക്ക് രണ്ട് വര്‍ഷത്തില്‍ 14.19 കോടി രൂപയും വനിതകള്‍ക്ക് 26.8 ലക്ഷം രൂപയും പലിശരഹിത വായ്പ നല്കി. അപകട ഇന്‍ഷുറന്‍സ് വഴി 1.21 കോടി രൂപയുടെ ആനുകൂല്യവും ലഭ്യമാക്കി.
ഗുണമേന്മയുള്ള തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ജില്ലയിലെ രണ്ടാമത്തെ വ്യാസ സ്റ്റോര്‍ അഴീക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. അഴീക്കല്‍ ഹാര്‍ബറിലെ ഐസ് പ്ലാന്റില്‍ മിതമായ നിരക്കില്‍ ഐസ് ഉൽപാദിപ്പിച്ച് വിതരണം തുടങ്ങിയത് ശ്രദ്ധേയമാണ്.തുടങ്ങിയത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.