കൊല്ലം: ബന്ധുവീട്ടിലെ വയോധികന്റെ ദുരൂഹ മരണത്തിൽ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടുനൽകി. കഴിഞ്ഞ ജനുവരി ഏഴിന് തഴുത്തല പി.കെ ജങ്ഷനിലുള്ള ബന്ധുവീട്ടിലെ കോട്ടയം മണിമല സ്വദേശി കെ.എസ്. സുരേന്ദ്രന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് അദ്ദേഹത്തിന്റെ മക്കൾ നൽകിയ പരാതിയിലാണ് കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നടപടി.
കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് നൽകുന്നത്. സുരേന്ദ്രന്റെ മക്കളായ ടി.എസ്. ജയചന്ദ്രൻ, ടി.എസ്. ജയൻ, എസ്. അനി എന്നിവർ ആദ്യം കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു.
ഈ പരാതി അന്വേഷണത്തിനായി കൊല്ലം ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ സോണി ഉമ്മൻ കോശിയെ ചുമതലപ്പെടുത്തി. ഈ കേസിൽ കൊട്ടിയം പൊലീസിന് ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ആവശ്യമാണെന്നും കാട്ടി ക്രൈംബ്രാഞ്ച് എ.സി.പി റിപ്പോർട്ട് നൽകിയിരുന്നു.
അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കാട്ടി സുരേന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് പരാതി അന്വേഷിക്കുന്നതിനായി കൊല്ലം ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ എ.സി.പി പ്രതീപ്കുമാറിനെ നിയോഗിച്ചു.
അദ്ദേഹവും തുടരന്വേഷണം ആവശ്യമാണെന്ന് കാട്ടി റിപ്പോർട്ട് നൽകി. ഇതിനെതുടർന്നാണ് കമീഷണർ തുടരന്വേഷണത്തിന് ജില്ല ക്രൈം ബ്രാഞ്ചിനെ നിയമിച്ചത്.
സ്വത്ത് തട്ടിയെടുക്കുന്നതിനായി വ്യാജമായി വിൽപത്രം ചമച്ച ശേഷം പിതാവിന്റെ ബന്ധുക്കൾ ചേർന്ന് പിതാവിനെ ഇല്ലാതാക്കുകയായിരുന്നുവെന്നും വിൽപത്രം ചമക്കാൻ സഹായിച്ചവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
മരിക്കുന്നതിന്റെ തലേദിവസം സുരേന്ദ്രനെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബന്ധുക്കൾ ചേർന്ന് നിർബന്ധമായി ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയെന്നും തുടർന്ന് ഏഴിന് വെളുപ്പിന് മൃതശരീരമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും മക്കൾ പരാതിയിൽ പറയുന്നു. തങ്ങളുടെ പരാതിയെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സുരേന്ദ്രന്റെ വയറ്റിൽ കണ്ട കറുത്ത ദ്രാവകം ഡോക്ടർ ഫോറൻസിക് ലാബിൽ അയച്ചില്ലെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
2021 ആഗസ്റ്റ് രണ്ടിന് സുരേന്ദ്രന്റെ വസ്തു വിൽക്കുന്നതിനായി കരാർ പ്രകാരം നാലുലക്ഷം രൂപ കൈപ്പറ്റിയ ശേഷമാണ് ആഗസ്റ്റ് 26ന് സുരേന്ദ്രൻ വിൽപത്രം ചമച്ചതായി കാണുന്നതെന്നും പത്രത്തിൽ കാണുന്ന സുരേന്ദ്രന്റെ ഒപ്പുകൾ വ്യാജമാണെന്നും മക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.