ഓച്ചിറ: കേന്ദ്ര സർക്കാരിൽ ഉന്നത പദവി വഹിച്ചപ്പോഴും നാടിന്റെ വികസനം സ്വപ്നം കാണുകയും ആത്മാർഥമായി പ്രവർത്തിക്കുകയും ചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി എൽ. ഫെർണാണ്ടസ് ഓർമയായി. ക്ലാപ്പനയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ സഹായത്തോടെ ആരംഭിച്ചത്.
മുൻ ഇന്ത്യൻ പ്രസിഡന്റ് പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷന്റെ വികസനത്തിനായി ഏറെ സംഭാവനകൾ ചെയ്തു. ജയന്തി ജനത എക്സ്പ്രസ്, ഹൈദരാബാദ് എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനായി സഹായം ചെയ്തു. ഈ ട്രെയിനുകൾ നിർത്താൻ തുടങ്ങിയതോടെ കരുനാഗപ്പള്ളി സ്റ്റേഷന്റെ നിലവാരം ഉയർന്നു.
ക്രിസ്റ്റി ഫെർണാണ്ടസ് കയർ ബോർഡ് ചെയർമാനായിരിക്കെയാണ് ക്ലാപ്പന പഞ്ചായത്തിനെ കയർ ഗ്രാമമായി പ്രഖ്യാപിച്ചതെന്ന് അന്നത്തെ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് റംല റഹിം സ്മരിച്ചു. ക്ലാപ്പന പള്ളിമുക്ക് കേന്ദ്രീകരിച്ച കയറിന്റെ വികസനവുമായി ബന്ധപ്പെട്ട് വലിയ പദ്ധതി വിഭാവനം ചെയ്തു പ്രവർത്തനം ആരംഭിച്ചെങ്കിലും വിജയം കണ്ടില്ല.
ആലപ്പുഴം-കായംകുളം ടൂറിസം സർക്യൂട്ട് എന്ന ആശയം അദ്ദേഹമാണ് മുന്നോട്ടുവെച്ചത്. കഷ്ടത അനുഭവിക്കുന്നവർക്ക് ചികിത്സ ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ മുന്തിയ പരഗണനയാണ് ക്ലാപ്പനക്ക് നൽകിയത്.
തിങ്കളാഴ്ച പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ക്ലാപ്പന സെന്റ് തോമസ് ദേവാലയ സെമിത്തേരിയൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.