ഓച്ചിറ: ആലപ്പാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്ത് നിർമിച്ച കുഴൽകിണറുകളിൽനിന്ന് കുടിവെള്ളം ലഭിച്ചുതുടങ്ങിയതോടെയാണ് പരിഹാരം യാഥാർഥ്യമായത്. ഓച്ചിറ കുടിവെള്ളപദ്ധതി തൊട്ട് ധാരാളം പദ്ധതികൾ വന്നെങ്കിലും ഫലവത്തായിരുന്നില്ല. പഞ്ചായത്ത് ഫണ്ടിൽ നിന്ന് തുക കണ്ടെത്തി കുഴിത്തുറ, ശ്രായിക്കാട്, അഴീക്കൽ മൂന്നാം വാർഡ് എന്നിവിടങ്ങളിൽ പുതിയ കുഴൽകിണർ നിർമിക്കുകയായിരുന്നു. പഴയ കുഴൽകിണറുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. കടലിന്റെ സാന്നിധ്യം കൊണ്ടും മണ്ണിന്റെ പ്രത്യേകത കൊണ്ടും മേഖലയിൽ വെള്ളം കൂടുതൽ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ്.
അതിനായി, കുഴൽകിണർ പദ്ധതിയുടെ തുടർച്ചയായി ആലപ്പാട് പഞ്ചായത്ത് സ്ഥാപിച്ച പ്രഷർ ഫിൽറ്ററും പ്രവർത്തനം ആരംഭിച്ചു. 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ മുടക്കിയാണ് ഒന്നാം വാർഡിൽ കുടിവെള്ളം ശുദ്ധീകരിക്കുന്ന ഫിൽറ്റർ സ്ഥാപിച്ചത്. കേരളത്തിൽ തന്നെ ആദ്യമായി ഒരു പഞ്ചായത്ത് സ്ഥാപിച്ച പ്രഷർ ഫിൽറ്ററിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. ഒന്നാം വാർഡിലെ കുഴൽകിണറിൽ നിന്ന് വരുന്ന ജലം ശുദ്ധീകരിക്കുന്നതിനൊപ്പം 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കുഴൽകിണറുകളിലും ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 54 ലക്ഷം രൂപ ഫണ്ട് വകയിരുത്തിക്കഴിഞ്ഞു.
പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാെണന്ന് പ്രസിഡന്റ് യു. ഉല്ലാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.