ഓച്ചിറ: കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശ ജനതയുടെ ചിരകാല സ്വപ്നവുമായ അഴീക്കൽ-വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഉടൻ ഉദ്ഘാടനം ചെയ്യുയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് പാലം സന്ദർശിച്ച് നിർമാണപ്രവർത്തനം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
വലിയഴീക്കൽനിന്നും എ.എം.ആരിഫ് എം.പി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ എന്നിവരോടൊപ്പം ഒരുകീലോമീറ്ററോളം നീളമുള്ള പാലത്തിൽ കൂടി നടന്ന് അഴീക്കലെത്തി നിലവിലെ സ്ഥിതി വിലയിരുത്തി. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കാക്കി പാലം ഉദ്ഘാടനം ചെയ്യുമെന്നും ഇവിടത്തെ ടൂറിസം സാധ്യത പഠിക്കുമെന്നും മന്തി പറഞ്ഞു.
2016ൽ പെട്രോളിയം സെസിൽ നിന്നുള്ള ഫണ്ടുപയോഗിച്ച് പാലം നിർമാണത്തിന് ഭരണാനുമതി നൽകിയത്. 140 കോടി രൂപയാണ് ചെലവ്. ഉരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. 29 സ്പാനുകളുള്ള പാലത്തിനടിയിലൂടെ കപ്പലുകൾക്കുപോലും കടന്നുവരാൻ കഴിയുന്ന രീതിയിൽ മധ്യഭാഗത്ത് മൂന്ന് ആർച്ചുകളുമായാണ് നിർമാണം.
മധ്യഭാഗം ഉയരം കൂട്ടാൻ ബോസട്രിങ് ആർച്ചുകളുടെ നിർമാണമാണ് പാലത്തിന് മനോഹാരിത നൽകുന്നത്. പാലം തുറന്നുകൊടുക്കുന്നതോടെ കരുനാഗപ്പള്ളിയിൽനിന്നും തീരദേശം വഴി തോട്ടപ്പള്ളിയിലെത്താം. സി.ആർ. മഹേഷ് എം.എൽ.എ തഴവയിൽ നെയ്തെടുത്ത മെത്തപ്പാ നൽകിയാണ് മന്ത്രി മുഹമ്മദ് റിയാസിനെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.