ഓച്ചിറ: അഴീക്കൽ ഫിഷിങ് ഹാർബർ വികസനത്തിന് 30 കോടിയുടെ പദ്ധതിക്ക് അംഗീകാരം. സി.ആർ.മഹേഷ് എം.എൽ.എ സർപ്പിച്ച പദ്ധതി അംഗീകരിച്ച് നബാർഡാണ് തുക അനുവദിച്ചത്. 2020 നവംബർ 19ന് അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ സി.ആർ മഹേഷ് എം.എൽ.എയുടെ അഭ്യർഥന പ്രകാരം അഴീക്കൽ ഫിഷിങ് ഹാർബർ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിലാണ് വികസന പദ്ധതി പ്രഖ്യാപിച്ചത്.
ഹാർബറിന്റെ ചുറ്റുമതിൽ, പാർക്കിങ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ടോയ്ലറ്റ് ബ്ലോക്ക്, ഷോപ്പിങ് കോംപ്ലക്സ്, കാൻറീൻ, റെസ്റ്റ് റൂം, ലോക്കർ റൂം, ലോഡിങ് ഏരിയ എന്നിവ വികസന പദ്ധതിയിൽ ഉൾപ്പെടും. ഇതോടൊപ്പം ഹാർബറിലും അനുബന്ധ സ്ഥലങ്ങളിലും അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യുന്നതിനുമുള്ള ഡ്രഡ്ജിങ്ങിനും തുക അനുവദിച്ചിട്ടുണ്ട്.
മത്സ്യതൊഴിലാളി സംഘടനകളുടേയും പ്രാദേശിക കരയോഗങ്ങളുടേയും ദീർഘകാലത്തെ ആവശ്യമാണ് പദ്ധതി നടപ്പായാൽ സാധ്യമാവുക. അഴീക്കൽ ഫിഷിങ് ഹാർബർ ആരംഭിച്ച് വർഷങ്ങളായിട്ടും ഇപ്പോഴും പല അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ഇവിടെ ദിനംപ്രതി വന്നുപോകുന്ന ആയിരക്കണക്കിന് മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും വ്യാപാരികളും പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സർക്കാരിൽ നിന്നും ഭരണാനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും.
പദ്ധതി യാഥാർഥ്യമാവുന്നതോടെ മത്സ്യതൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാവുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. ഹാർബറിന്റെ വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാവുന്നതോടെ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.