ഓച്ചിറ (കൊല്ലം): ക്ലാപ്പന കുന്നീമണ്ണേൽ കടവിന് വടക്കുഭാഗത്ത് ടി.എസ് കനാലിനോട് ചേർന്ന സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം മരംകയറ്റ തൊഴിലാളിയുടേതാണന്ന് ഡി.എൻ.എ ഫലം. ക്ലാപ്പന പെരുമാന്തഴ കോട്ടയിൽ വടക്കതിൽ ഗണേശിന്‍റെ (47) മൃതദേഹമാണന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് വസ്തു വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തിയത്. 2019 മേയ് 13ന് കായംകുളം കൃഷ്ണപുരത്ത് താമസിക്കുന്ന അമ്മയെ കാണാൻ വീട്ടിൽനിന്നും പുറപ്പെട്ട ഗണേശനെ തുടർന്ന് കാണാതാകുകയായിരുന്നു. ഭാര്യ ഉഷയുടെ പരാതിപ്രകാരം ഓച്ചിറ പൊലീസ് കേസടുത്തിരുന്നു.
സി.എസ് കനാലിനോട് ചേർന്നു കാടുപിടിച്ചു കിടന്ന സ്ഥലത്തെ മരശിഖരത്തിനു സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹം പൂർണമായും അഴുകിതീർന്ന് തലയോട്ടിയും എല്ലുകളും മാത്രമാണ് ഉണ്ടായിരുന്നത്. പൊക്കത്തിൽ കാടുപിടിച്ചു കിടന്ന സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടത്തിന് സമീപം വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. സമീപത്തെ മരത്തിന്‍റെ ശിഖരത്തിൽ ഒരു കയർ കെട്ടിയിട്ട നിലയിലും കണ്ടെത്തിയിരുന്നു. തൂങ്ങമരിച്ചതാണന്നാണ് പൊലീസ് നിഗമനം.
പോസ്റ്റുമോർട്ടം കഴിഞ്ഞശേഷം അസ്ഥികൂടം ബന്ധുക്കൾക്ക് വിട്ടുനൽകും. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, പൊലീസ് ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.