ഓച്ചിറ: അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ ഒഡിഷ സ്വദേശികളായ രണ്ടുപേർ തമ്മിലുള്ള അടിപിടിയിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തോടെ അഴീക്കൽ ആയിരംതെങ്ങ് പഞ്ചായത്ത് കടവിന് സമീപം കൃഷ്ണാലയത്തിൽ കൊച്ചുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് സംഭവം. ഒഡിഷയിലെ രാജ്പൂർ ജില്ലയിലെ ഫുൽപൂർ ഗ്രാമത്തിൽ നിന്നുള്ള ബിഷ്ണു ചരൺ മാലിക്കിനാണ് (28) ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണുവിന്റെ അകന്ന ബന്ധുവും നാട്ടുകാരനുമായ ബാഹുബലി എന്നും ടുക്കാനെന്നും വിളിപ്പേരുള്ള സൂര്യകാന്ത് മാലിക്കിനെ (19) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
ഒഡിഷയിലെ പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നാട്ടിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതിന്റെ തുടർച്ചയായി ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ വാക്കുതർക്കവും പിടിവലിയുമുണ്ടായി.
ഇതിൽ പ്രകോപിതനായ പ്രതി തടിക്കഷണം കൊണ്ട് ബിഷ്ണുവിന്റെ തലക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ സമയോചിതമായ ഇടപെടലാണ് അക്രമത്തിന് ശേഷം ഒഡിഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കിയത്. കൊച്ചുകൃഷ്ണന്റെ ക്യാമ്പിൽ ഒഡിഷയിലെ ഫുൽപൂർ ഗ്രാമത്തിൽ നിന്നുള്ള 30ഓളം തൊഴിലാളികളാണ് താമസിക്കുന്നത്. എല്ലാവരും അഴീക്കൽ ഹാർബറുമായി ബന്ധപ്പെട്ട് മത്സ്യബന്ധന തൊഴിലിൽ ഏർപ്പെട്ടുവരുന്നവരാണ്. രേഖകളില്ലാതെ അന്തർ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഓച്ചിറ പൊലീസ് അറിയിച്ചു. ഓച്ചിറ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ അനു വിനോദ്, സുനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.