ഓച്ചിറ: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അഴീക്കൽ ഫിഷിങ് ഹാർബർ ലേലഹാളിൽ നിർമിച്ച അഴികൾ അപകടകെണിയാവുന്നു. നീണ്ടകര ഹാർബറിലും സമാനമായ അഴികൾ നിർമിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ നീണ്ടകര ഹാർബറിലുണ്ടായിരുന്ന അഴികൾ മാറ്റിയിരുന്നു. എന്നാൽ നീണ്ടകരയെ അപേക്ഷിച്ച് താരതമ്യേന സൗകര്യക്കുറവുള്ള അഴീക്കൽ ഹാർബറിലെ അഴികൾ മാറ്റിയിട്ടില്ല. മത്സ്യവുമായി വരുന്ന നിരവധി തൊഴിലാളികൾക്ക് കമ്പിയിലിടിച്ച് പരിക്കേറ്റിരുന്നു.
ഫിഷറീസ് മന്ത്രി ഹാർബർ സന്ദർശിച്ചപ്പോൾ തൊഴിലാളികൾ കൂട്ടത്തോടെ ആവശ്യം ഉന്നയിച്ചിരുന്നു. അഴികൾ മാറ്റാൻ അടിയന്തര നിർദേശം നൽകാമെന്ന് മന്ത്രി തൊഴിലാളികൾക്ക് ഉറപ്പും നൽകി. എന്നാൽ ഒരുനടപടിയും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഒടുവിൽ ഹാർബറിലെ കൊട്ടപിടുത്ത തൊഴിലാളിയായ ഉമേഷിന് കണ്ണിന് ഗുരുതര പരിക്കേറ്റിരുന്നു. അടിയന്തരമായി അഴികൾ നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അഴീക്കൽ ഫിഷിങ് ഹാർബർ ലേബർ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സുനിൽ കൈലാസം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.