ഓച്ചിറ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപരിഹാരം ലഭിച്ചവരെ ഒഴിപ്പിച്ചുതുടങ്ങി. താമസക്കാർ ഒഴിഞ്ഞ വീടുകളും കച്ചവടക്കാർ ഒഴിഞ്ഞ കെട്ടിടങ്ങളും പൊളിക്കാനും ആരംഭിച്ചു. ഓച്ചിറ, വലിയകുളങ്ങര, വവ്വാക്കാവ് ഭാഗങ്ങളിലാണ് പൊളിക്കൽ നടപടി തുടങ്ങിയത്.
വരും ദിവസങ്ങളിൽ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ദേശീയപാത ഉദ്യോഗസ്ഥർ. കെട്ടിടങ്ങൾ സ്വന്തമായി പൊളിച്ചു മാറ്റുന്നവർക്ക് അവശിഷ്ടങ്ങൾ എടുക്കുന്നതിനും തറനിരപ്പിൽ മണ്ണ് എടുക്കുന്നതിനും അനുവദിക്കുന്നുണ്ട്. മറ്റുള്ളവ പൊളിക്കാൻ കണ്ണൂർ ആസ്ഥാനമായ കമ്പനിയെയാണ് ദേശീയപാത അധികൃതർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ പൊളിക്കുന്ന കെട്ടിട അവശിഷ്ടങ്ങളോ മണ്ണോ വസ്തു ഉടമക്ക് നൽകില്ല.
അവർതന്നെ ഇവ നീക്കം ചെയ്ത് വിൽക്കുകയാണ്. അത് കൊണ്ടുതന്നെ ഭൂരിഭാഗം കെട്ടിട ഉടമകളും സ്വയം പൊളിച്ചുമാറ്റുന്ന തിരക്കിലാണ്. അതേസമയം, കടകൾ വാടകക്കെടുത്ത് കച്ചവടം ചെയ്യുന്നവർ നഷ്ടപരിഹാരം ലഭിച്ചിട്ടേ ഒഴിയൂ എന്ന തീരുമാനത്തിലാണ്. വർഷങ്ങളായി കച്ചവടം ചെയ്യുന്നവർക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലും സമരരംഗത്തുമാണ്. നഷ്ടപരിഹാരം ലഭിച്ചാൽ ഒഴിഞ്ഞ് കൊടുക്കാൻ തയാറെന്നാണ് വ്യാപാരികൾ പറയുന്നത്. കെട്ടിട ഉടമകളുടെ സമ്മർദത്തിന് വഴങ്ങി പലരും ഒഴിഞ്ഞു പോയിട്ടുണ്ട്. കച്ചവടവും തൊഴിലും നഷ്ടപ്പെട്ടവർ ആകെ ബുദ്ധിമുട്ടിലാണ്. വസ്തുവകകളിൽനിന്ന് ഒഴിയാൻ രണ്ടുമാസത്തെ കാലാവധി നൽകി ദേശീയപാത ഉദ്യോഗസ്ഥർ നൽകിയ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.