ഓച്ചിറ: നവകേരള സദസ്സിന്റെ പ്രചാരണാർഥം തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുപോകുന്നതിനെ എതിർത്ത ക്ലാപ്പന പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ബിനുവിനെതിരെ അച്ചടക്ക നടപടിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സെക്രട്ടറിയുടെ നടപടിക്കെതിരെ പ്രതിഷേധം.
ക്ലാപ്പന തോട്ടത്തിൽ ജങ്ഷനിൽ നടത്തിയ പരിപാടിയിലേക്ക് ആളെ കൂട്ടുന്നതിനായി മസ്റ്റർ റോളിൽ ഒപ്പിട്ട തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുപോകാനാണ് ശ്രമിച്ചത്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മേട്രൻമാരും തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത് ഓഫിസിൽ എത്തി സെക്രട്ടറിയുടെ നടപടിയെ ചോദ്യം ചെയ്തു. ഒരു സംഘം സി.പി.എം പ്രവർത്തകർ എത്തി മേട്രൻമാരുമായി വാക്കേറ്റമായി.
ഓച്ചിറ പൊലീസ് എത്തി രംഗം ശാന്തമാക്കി. പഞ്ചായത്ത് ഓഫിസിൽ ബി.ഡി.ഒയുടെ സാന്നിധ്യത്തിൽ നടത്തിയ തൊഴിലുറപ്പ് മേറ്റുമാരുടെ യോഗത്തിലാണ് ജോലിസമയം തീരുന്നതിന് ഒരുമണിക്കൂർമുമ്പ് പരിപാടിയിൽ പങ്കെടുക്കണമെന്ന നിർദേശം വന്നത്. എന്നാൽ, ജോലി സമയം കഴിഞ്ഞുമാത്രമേ പങ്കെടുക്കാൻ കഴിയൂവെന്ന് ഓവർസിയർ പറഞ്ഞതാണ് നോട്ടീസ് നൽകാൻ കാരണമെന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഉപരോധത്തിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുബിൻഷാ, ജി. ബിജു, ഗ്രാമ പഞ്ചായത്ത് അംഗം ബിബിൻ രാജ്, മുഹമ്മദ് റഫീഖ്, അമാൻ, ആർ.കെ. അഭിലാഷ്, ഉണ്ണികൃഷ്ണൻ വരവിള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.