ഓച്ചിറ: ഓണാട്ടുകരയുടെ പോരാട്ടവീര്യം വിളംബരം ചെയ്ത് ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. വേണാട് രാജാവിന്റെയും കായംകുളം രാജാവിന്റെയും പടയാളികള്‍ നിരന്തരം പടവെട്ടിയ ഓച്ചിറയുടെ നിണമണിഞ്ഞ മണ്ണില്‍ കൈയും മെയ്യും മറന്ന് യോദ്ധാക്കള്‍ അങ്കം കുറിച്ചു. വെള്ളിയാഴ്ച പുലർച്ചെ കളരികളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി പരബ്രഹ്മത്തേയും കളരി പരമ്പര ദൈവങ്ങളെയും മനസില്‍ കുടിയിരുത്തിയ യോദ്ധാക്കള്‍ പ്രത്യേക വേഷവിധാനങ്ങളോടെ തലപ്പാവ് ധരിച്ച് പടനിലത്തിലേക്ക് എത്താന്‍ തുടങ്ങി.
ക്ഷേത്ര ഭരണസമിതി നല്കിയ ബനിയനുകളും ധരിച്ച് രാവിലെ പത്തോടെ എത്തിയ പടയാളികള്‍ പരബ്രഹ്മത്തെ വണങ്ങി അനുഗ്രഹം വാങ്ങിയതിന് ശേഷം പടനിലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടി കരക്കളി ആരംഭിച്ചു. പ്രദര്‍ശന കളിയില്‍ വളരെ ചെറിയ കുട്ടികള്‍ മുതല്‍ വയോധികര്‍വരെ പങ്കെടുത്തു. 11.30 ഓടെ പടനിലം കാണികളെകൊണ്ട് നിറഞ്ഞു. തുടര്‍ന്ന് എല്ലാവരും ഭരണസമിതി ഓഫിസിനു മുന്നില്‍ ഒത്തുകൂടി ഘോഷയാത്രക്ക് സജ്ജരായി. ക്ഷേത്രത്തിൽ നിന്ന് ശംഖ്നാദം മുഴങ്ങിയതോടെ ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥന് പടത്തലവന്മാര്ക്ക് ധ്വജം കൈമാറി ഘോഷയാത്ര ആരംഭിച്ചു.
അലങ്കരിച്ച ഋഷഭ വീരന്മാരുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയില്‍ വിവിധ വാദ്യമേളങ്ങള്‍, മുത്തുക്കുട, എന്നിവ നിരന്നു. ഘോഷയാത്ര കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, വെട്ടുകണ്ടം, ഒണ്ടിക്കാവ്, തകിടികണ്ടം, മഹാലക്ഷ്മിനട, അയ്യപ്പന് കോവില്‍, ഗണപതി ആല്‍ത്തറ എന്നിവിടങ്ങള്‍ വലംവെച്ച് എട്ടുകണ്ടത്തിന്റെ വടക്കുഭാഗത്തെത്തി. ഘോഷയാത്രക്ക് സെക്രട്ടറി കെ. ഗോപിനാഥന്, പ്രസിഡന്റ് സത്യൻ, എം.എൽ.എ മാരായ സി. ആർ. മഹേഷ്, യു. പ്രതിഭ എന്നിവര്‍ നേതൃത്വം നല്കി.
കൃഷ്ണപരുന്ത് എട്ടുകണ്ടത്തിന് മുകളില്‍ വട്ടമിട്ട് പറന്നതോടെ കരനാഥന്മാരും ഭരണസമിതി ഭാരവാഹികളും എട്ടുകണ്ടത്തിന്റെ മധ്യഭാഗത്തെത്തി കര പറഞ്ഞ് ഹസ്തദാനം ചെയ്തു. ഇതോടെ ഇരുകരകളില്‍നിന്നും യോദ്ധാക്കള്‍ രണഭേരി മുഴക്കി എട്ടുകണ്ടത്തി ലേക്ക് എടുത്ത് ചാടി തകിടകളി ആരംഭിച്ചു. തുടര്‍ന്ന് തകിടികണ്ടത്തിലും അല്പനേരം പോരാട്ടം നടന്നു. ഇതിന്ശേഷം യോദ്ധാക്കള്‍ പരബ്രഹ്മത്തെ ആചാരപ്രകാരം വണങ്ങി ക്ഷേത്രക്കുളത്തില്‍ സ്നാനവും കഴിഞ്ഞ്, സദ്യയും കഴിച്ച് ശനിയാഴ്ച വീണ്ടും കാണാമെന്ന പോര്‍വിളിയോടെ കളരികളിലേക്ക് മടങ്ങി. സമാപനദിവസമായ ശനിയാഴ്ചയാണ് പ്രധാന പോരാട്ടം. ചടങ്ങുകള്‍ ആവര്‍ത്തിക്കും. ഉച്ചയോടെ ആരംഭിക്കുന്ന കളി മൂന്നോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.