ഓച്ചിറ: വ്രതാനുഷ്ഠാനങ്ങളോടെ നേടിയ ആയോധനമുറകളും പോരാട്ടവീര്യവും പടനിലത്ത് കാഴ്ചവെച്ച് ആത്മസംതൃപ്തിയോടെ യോദ്ധാക്കളുടെ മടക്കം. അസുരവാദ്യത്തിന്റെയും കളരിപ്പയറ്റിന്റെയും അകമ്പടിയോടെ രണ്ടു ദിവസമായി പടനിലത്ത് നടന്ന ഓച്ചിറക്കളിക്ക് സമാപനമായി.
തെളിഞ്ഞുനിന്ന അന്തരീക്ഷത്തിൽ ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ കളി ആശാൻമാരുടെ നേതൃത്വത്തിൽ യോദ്ധാക്കൾ പടനിലത്ത് അണിനിരന്നു. തുടർന്ന് ഋഷഭ വീരൻമാരുടേയും താളമേളങ്ങളുടേയും അകമ്പടിയോടെ പടനിലത്ത് ഘോഷയാത്ര നടത്തി. 1.15ന് കരക്കളി ആരംഭിച്ചു. ഇതോടൊപ്പം കൊല്ലം കേരളപുരം പ്രകാശൻ ഗുരുക്കളുടെയും മണപ്പള്ളി സുനിൽ ഗുരുക്കളുടേയും നേതൃത്വത്തിലുള്ള കളരിസംഘങ്ങളുടെ കളരിപ്പയറ്റും, കണ്ടല്ലൂർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അമ്പതോളം കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയും കാണികൾക്ക് ആവേശം പകർന്നു. പോരാളികൾ എട്ടുകണ്ടത്തിലും തകിടികണ്ടത്തിലും ആവേശകരമായി അങ്കംവെട്ടി. മൂന്നോടെ കളി ആശാൻമാരും യോദ്ധാക്കളും പരബ്രഹ്മത്തെ വണങ്ങി അഭ്യസിച്ച ആയോധനമുറകൾ ദക്ഷിണയായി അവതരപ്പിച്ചു. യോദ്ധാക്കൾ ഗുരുക്കൻമാരെ ആചാരാനുഷ്ഠാനങ്ങളോടെ വണങ്ങി അടുത്ത വർഷം കാണാമെന്ന ഉറപ്പോടെ പരബ്രഹ്മത്തിന്റെ അനുഗ്രവുംവാങ്ങി ക്ഷേത്രക്കുളത്തിൽ സ്നാനവും ചെയ്തതിനുശേഷം കളരികളിലേക്ക് മടങ്ങി. ക്ഷേത്ര ഭരണ സമിതി കളി ആശാൻമാർക്ക് പ്രത്യേക പാരിതോഷികങ്ങൾ നൽകി ആദരിച്ചു.
ഓച്ചിറക്കളിക്ക് ഇക്കുറി അഭൂതപൂർവമായ ജനതിരക്കാണ് അനുഭവപ്പെട്ടത്. കളിസംഘങ്ങളുടെ പങ്കാളിത്തത്തിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യോദ്ധാക്കളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായത്. പടനിലത്ത് എത്തിയവർക്കെല്ലാം ഭക്ഷണവും നൽകി. ഓച്ചിറക്കളിയുടെ ഭാഗമായി പടനിലത്ത് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കാർഷിക പ്രദർശനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.