ഓച്ചിറ: മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെട്ടാൽ രക്ഷാപ്രവർത്തനത്തിനെത്തേണ്ട പൊലീസിന്റെ ബോട്ട് ആറു മാസമായി ആലപ്പാട്-അഴീക്കൽ ഹാർബറിൽ വിശ്രമത്തിൽ.
ട്രോളിങ് കഴിഞ്ഞ് മത്സ്യവുമായി എത്തുന്ന നുറുകണക്കിന് ബോട്ടുകൾക്ക് ഹാർബറിൽ അടുക്കാൻ പൊലീസ് ബോട്ട് തടസ്സം സൃഷ്ടിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വാടകക്കെടുത്ത സ്വകാര്യബോട്ടാണ് ഇത്.
സുരക്ഷാ ബോട്ടിന് ചുറ്റും മത്സ്യബന്ധന ബോട്ടുകൾ കെട്ടിയിട്ട് സുരക്ഷാ ബോട്ടിന്റെ മുകളിലൂടെയാണ് മത്സ്യം ഇപ്പോൾ ഹാർബറിൽ ഇറക്കുന്നത്. കടലിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപെട്ടാൽ പെട്ടെന്ന് ഓടിയെത്തേണ്ട സുരക്ഷാബോട്ടിന് രക്ഷക്കെത്താൻ കഴിയാത്ത സ്ഥിതിയാണ്.
മറ്റു ബോട്ടുകൾ ഇവിടെ നിന്ന് മാറ്റിയ ശേഷമേ പൊലീസ് ബോട്ട് പുറത്തെടുക്കാനാകൂ. നേരത്തേ അഴീക്കൽ പൊഴിക്ക് സമീപമായിരുന്നു നിർത്തിയിരുന്നത്. അതിനാൽ, രക്ഷാബോട്ടിന് പെട്ടെന്നെത്താൻ കഴിയുമായിരുന്നു. ഈ ബോട്ടാണ് ആറു മാസമായി ഹാർബറിൽ കിടക്കുന്നത്.
കഴിഞ്ഞ 31ന് ഹാർബർ എൻജിനീയറിങ് വിഭാഗം വിളിച്ചുചേർത്ത യോഗത്തിൽ മത്സ്യത്തൊഴിലാളികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥർ കേട്ടതല്ലാതെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.