ഓച്ചിറ: നടുക്കുന്ന ഓർമകളുമായി ഒരു സൂനാമി ദിനം കൂടി. 2004 ഡിസംബർ 26 ന് ഉച്ചക്ക് ആഞ്ഞടിച്ച സൂനാമി തിരമാലകൾ ആലപ്പാട് പഞ്ചായത്തിലെ 144 ജീവനാണ് കവർന്നത്. ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിലും ശ്രായിക്കാട് പ്രദേശവുമാണ് തിരമാലകൾ വിഴുങ്ങിയത്. 17 വർഷം കഴിയുമ്പോഴും ദുരന്തം മറക്കാൻ ആലപ്പാട്ടുകാർക്ക് കഴിയുന്നില്ല.
അഴീക്കലിൽ മരിച്ചവരെ കൂട്ടത്തോടെ സംസ്കരിച്ചിടത്ത് പണിത സ്മൃതി മണ്ഡപത്തിൽ നാട് നാളെ ഒത്തുകൂടും. പൂക്കൾ സ്മൃതി മണ്ഡപത്തിൽ അർപ്പിച്ച് കണ്ണീർ ഓർമ അയവിറക്കും.
അഴീക്കൽ ഭാഗത്ത് കടൽ ഉൾവലിഞ്ഞത് കാണാൻ എത്തിയവരെ പെട്ടെന്നെത്തിയ രാക്ഷസ തിരമാലകൾ അടിയിലാക്കുകയായിരുന്നു. അഴീക്കൽ പ്രദേശത്തെ നൂറുകണക്കിന് വീടുകൾ തകർന്നു. കുട്ടികളും വൃദ്ധരുമാണ് ഏറെ മരിച്ചത്. പലരുടെയും മൃതദേഹങ്ങൾ ആഴ്ചകൾക്ക് ശേഷമാണ് മണ്ണിനടിയിൽനിന്ന് കണ്ടെടുക്കാനായത്. ഇരുകൈകളിലും രണ്ടു മക്കളുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കുട്ടികളെ തിരമാലകൾ കൊണ്ടുപോയി, ഇന്നും വേദനയോടെ കഴിയുന്ന കുടുബവും അഴീക്കലിലുണ്ട്.
ആലപ്പാട് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.