പറവൂർ: അമൃത് 2.0 പദ്ധതിയുടെ ഭാഗമായി കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി വരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നഗരപരിധിയിൽ ഉൾപ്പെടുന്നവർക്ക് വീടുകളിലേക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന അമൃത് 2.0 പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നഗരപരിധിയിൽ 24 മണിക്കൂറും ഏഴുദിവസവും കുടിവെള്ളം ലഭ്യമാക്കാനായി പറവൂർ പമ്പ് ഹൗസിൽ പുതിയ വാൽവ് സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. വാട്ടർ അതോറിറ്റിക്ക് തെക്കുവശത്തെ പൈപ്പ് ലൈൻ സ്റ്റേഡിയം റോഡിന് പടിഞ്ഞാറ് വശത്ത് എത്തിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാർഹിക കുടിവെള്ള കണക്ഷൻ വീടുകളിൽ എത്തിക്കുന്നത് വഴി റോഡ് കട്ടിങ് ഫീസ് ഒഴിവാക്കി ലൈൻ ഗുണഭോക്താവിന്റെ കോമ്പൗണ്ട് മതിലിന് സമീപംവരെ സൗജന്യമായി എത്തിച്ചു. മീറ്റർ, ടാപ് ഉൾപ്പെടെ സ്ഥാപിക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1309 പേർക്കാണ് ഈ പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, വനജ ശശികുമാർ, മുൻ ചെയർമാൻ ഡി. രാജ്കുമാർ, പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ, കൗൺസിലർമാരായ പി.ഡി. സുകുമാരി, ടി.എച്ച്. ജഹാംഗീർ, ടി.എം. അബ്ദുസ്സലാം, ഗീത ബാബു, ലിജി ലൈഘോഷ്, ജി. ഗിരീഷ്, ആശ മുരളി, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ തെരേസ റിനി, അമൃത് പദ്ധതിയുടെ കോഓഡിനേറ്റർ പി.ജെ. റഹ്മത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.