പരവൂർ: പരവൂരിൽനിന്ന് ചാത്തന്നൂർ വഴി കൊട്ടിയത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ സ്കൂൾ സമയങ്ങളിൽ ചാത്തന്നൂർ ജങ്ഷനിൽ പോകാതെ തിരുമുക്കിൽ വിദ്യാർഥികളെയും മറ്റ് യാത്രക്കാരെയും ഇറക്കിവിടുന്നതായി വ്യാപക പരാതി.
സ്കൂൾ സമയങ്ങളിൽ മാത്രമാണ് സ്വകാര്യ ബസുകൾ തിരുമുക്കിൽ തിരിഞ്ഞ് കൊട്ടിയം ഭാഗത്തേക്ക് യാത്ര തുടരുന്നത്. ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് ചാത്തന്നൂർ ജങ്ഷൻ പരിസരത്താണ്. പഞ്ചായത്ത് ഓഫിസും ജങ്ഷനിലാണുള്ളത്. തിരുമുക്കിൽ വിദ്യാർഥികളെ ഇറക്കിവിടുന്നതിനാൽ സമയത്ത് സ്കൂളിലെത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിനെക്കുറിച്ച് ബസ് ജീവനക്കാരോട് ചോദിച്ചാൽ തങ്ങൾക്ക് ചാത്തന്നൂർ ജങ്ഷനിൽ പോകാൻ പെർമിറ്റില്ലെന്ന വാദമാണ് ഉയർത്തുന്നത്.
സ്കൂൾ സമയങ്ങളിലൊഴികെ ചാത്തന്നൂർ ജങ്ഷനിൽ പോയി യാത്രക്കാരെ കയറ്റുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് തിരക്ക് സമയത്ത് ഓടിയെത്താൻ സമയം കിട്ടില്ലെന്ന ന്യായമാണ് പറയുന്നത്.
സ്വകാര്യ ബസുകൾക്കായി ചാത്തന്നൂർ ഊറാംവിളയിൽ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമിച്ചെങ്കിലും ഫലം കണ്ടില്ല. ചാത്തന്നൂരിൽ പോകേണ്ട കുട്ടികളെ വഴിയിൽ ഇറക്കി വിടുന്നതിനെതിരെ മോട്ടോർ വാഹനവകുപ്പിനും കലക്ടർക്കും പരാതി നൽകാനാണ് ചാത്തന്നൂരിലും പരിസരത്തുമുള്ള സ്കൂൾ അധികൃതരുടെയും രക്ഷാകർത്താക്കളുടെയും തീരുമാനം. ചാത്തന്നൂർ പൊലീസിന്റെ ഭാഗത്തുനിന്നും വിഷയത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.