പരവൂർ: വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് പൂതക്കുളം പഞ്ചായത്തിലെ ജനങ്ങൾ. പൂതക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളിലും ജലഅതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം ലഭിച്ചിട്ട് രണ്ടുമാസത്തിലധികമായതായി നാട്ടുകാർ പറയുന്നു.
പുത്തൻകുളത്തെ സംഭരണിയിൽനിന്ന് ജലവിതരണവകുപ്പിന്റെ പമ്പിങ് നിലച്ചതോടെയാണ് പൂതക്കുളം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായത്. ചക്കുവിള, ഹരിജൻബാങ്ക്, പണ്ടാരവിള, കലയ്ക്കോട്, ഇടയാടി തുടങ്ങിയ ഭാഗങ്ങളിലെ ആളുകളാണ് കഷ്ടപ്പെടുന്നത്. ചക്കുവിള, പണ്ടാരവിള അംഗൻവാടികളിലെ കുരുന്നുകൾക്ക് ജീവനക്കാർ തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. സ്കൂളുകളിലെ സ്ഥിതിയും ദയനീയമാണ്. ജപ്പാൻ കുടിവെള്ളപദ്ധതിവഴി പുനലൂരിൽനിന്ന് ചാത്തന്നൂർ ഭാഗത്തേക്കുള്ള വെള്ളം മറ്റിടങ്ങളിലേക്ക് നൽകുന്നതാണ് പ്രശ്നകാരണമായി നാട്ടുകാർ പറയുന്നത്.
ജലജീവൻ വഴിയുള്ള വിതരണക്കുഴലുകൾ സ്ഥാപിച്ചതോടെ ഗാർഹിക കണക്ഷനുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ മാസംതോറും ബില്ല് അടക്കുന്നെങ്കിലും വെള്ളം വീടുകളിലെത്താത്തതിനുപിന്നിൽ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ വർഷങ്ങളിലും ജലക്ഷാമം ഉണ്ടായിരുന്നു. കൂടുതൽ അളവിൽ വെള്ളം കൊല്ലം കോർപറേഷനിലേക്ക് നൽകുന്നതോടെ അതിർത്തി പ്രദേശമായ പൂതക്കുളത്തേക്ക് മതിയായ ജലം ലഭിക്കാത്തതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സമരം നടത്തിയിരുന്നു. ഇത്തവണ അതിലും രൂക്ഷമാണ് സ്ഥിതി. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളം എത്തിച്ചിരുന്നത് സാമ്പത്തിക ഞെരുക്കത്താൽ ഇത്തവണയും കഴിഞ്ഞിട്ടില്ല. പരീക്ഷക്കാലമായതിനാൽ വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ജലജീവൻ മിഷൻ നടപ്പായതോടെ നിർത്തലാക്കിയ ചമ്പാൻചാൽ, പെരുങ്കുളം കുടിവെള്ളപദ്ധതികൾ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.