പരവൂർ : പൂതക്കുളം പഞ്ചായത്തിലെ പുത്തൻകുളം - ഊന്നിൻമൂട് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും നടപടിയില്ല. ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷനിൽനിന്ന് ചിറക്കര വഴി വർക്കലയിലേക്ക് പോകുന്ന പ്രധാന ബൈപാസ് റോഡാണിത്. ശിവഗിരി തീർഥാടകർ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യ മാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡിൽ മിക്ക ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രയും കാൽനടയും ഏറെ ദുഷ്കരമാണ്. റോഡിന്റെ ഇരുവശങ്ങളിലും നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. അത്യാവശ്യത്തിന് ഓട്ടോയോ, ടാക്സിയോ വിളിച്ചാൽ ഇതുവഴി വരില്ല. അത്രത്തോളം അപകടക്കെണിയായി മാറിയിരിക്കുകയാണ് റോഡ്.
തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിയിൽ വരുന്ന റോഡിനെ അധികൃതർ പൂർണമായും കൈയൊഴിഞ്ഞു എന്നാണ് നാട്ടുകാരുടെ പരാതി. ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ല.
ശിവഗിരി തീർഥാടനം ആരംഭിക്കുന്നതോടെ ശിവഗിരിയിലെത്താൻ ആയിരക്കണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികൾ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യമുയരുന്നു.
കൊട്ടിയം: കാൽനടപോലും ദുസ്സഹമായ നിലയിൽ റോഡ് തകർന്നിട്ടും അധികൃതർ കണ്ട മട്ടില്ല. കുണ്ടുമൺ-ആദിച്ചനല്ലൂർ ചിറ റോഡിൽ കുണ്ടുമൺ തൈക്കാവിന് സമീപത്തെ റോഡാണ് മാസങ്ങളായി കുഴികൾ നിറച്ച് കിടക്കുന്നത്. മഴക്കാലത്ത് റോഡിലെ കുഴികളിൽ ചളിവെള്ളം നിറയുകയും കാൽനടയാത്ര പോലും ദുസ്സഹമായ നിലയിൽ റോഡ് ചളിക്കുണ്ടായി കിടക്കുകയാണ്.
ഇരുചക്ര വാഹനങ്ങൾക്കും മറ്റും ഇതുവഴി പോകുമ്പോൾ അപകടം ഉണ്ടാക്കുന്നതും പതിവായിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധം പോലുള്ള സമര പരിപാടികൾ നടത്തുമെന്നും പി.ഡി.പി കുണ്ടുമൺ ടൗൺ കമ്മിറ്റി അധികൃതർക്ക് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.