പരവൂർ: ആരോഗ്യമന്ത്രിയുടെ സന്ദർശനത്തോടെ വികസനകുതിപ്പുണ്ടാകുമെന്ന് കരുതിയ നെടുങ്ങോലം താലൂക്ക് ആശുപത്രിക്ക് ഇപ്പോഴും പരാധീനത. ഉറപ്പുകൾ പാലിക്കാതെ ആരോഗ്യമന്ത്രിയുടെ സന്ദർശനം പാഴായി. സാധാരണക്കാർക്ക് ഏറെ ആശ്രയമായ ആശുപത്രിയിൽ അപകടത്തിൽപെട്ടെത്തുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയാണ് പതിവ്.
ദിവസവും ഒ.പിയിൽ എത്തുന്ന ആയിരത്തിലേറെ രോഗികൾക്ക് മതിയായ സേവനം നൽകാൻ ആശുപത്രിക്ക് കഴിയുന്നില്ല. ഡോക്ടർമാർ ഇല്ലാത്തതിനാൽ ചില ദിവസങ്ങളിൽ ഒ.പി പ്രവർത്തിക്കാറുമില്ല. വളരെ മികച്ചരീതിയിലായിരുന്ന ആശുപത്രിയിൽ ഇന്ന് ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെപോലും സൗകര്യമില്ല. പരവൂർ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയോട് അധികൃതരുെട അവഗണനയിൽ പരാതി വ്യാപകമാണ്.
നിലവിൽ ഡോക്ടർമാർ മൂന്ന് ഷിഫ്റ്റായാണ് ജോലി ചെയ്യുന്നത്. ഒ.പിയിൽ തിരക്കുള്ളപ്പോൾ ഡോക്ടറുടെ അഭാവം പ്രതിഷേധങ്ങൾക്കിടയാക്കുന്നു. 13 ഡോക്ടർമാർ വേണ്ടിടത്ത് അഞ്ച് സ്ഥിരം ഡോക്ടർമാരും നാല് എൻ.എച്ച്.എം ഡോക്ടർമാരുമാണുള്ളത്.
ആശുപത്രി സൂപ്രണ്ട് സ്ഥലംമാറിപ്പോയി മൂന്ന് മാസമായിട്ടും പകരം ആളെത്താത്തതിനാൽ, രണ്ട് ഗൈനക്കോളജി ഡോക്ടർമാരിൽ ഒരാൾക്കാണ് താൽക്കാലിക ചുമതല. സ്ഥലംമാറിയെത്തിയ രണ്ട് ഡോക്ടർമാർ ചുമതലയേറ്റശേഷം വർക്ക് അറേഞ്ച്മെന്റിൽ തിരിച്ചുപോയി. മൂന്ന് ഗൈനക്കോളജി ഡോക്ടർമാരാണ് മുമ്പ് ഉണ്ടായിരുന്നത്. സർജന്റെ സേവനം ദിവസവും ഉണ്ടായിരുന്നത് ആഴ്ചയിൽ മൂന്നുദിവസമായി.
ഫിസിഷ്യൻ ഇല്ലാത്തതിനാൽ കിടത്തിച്ചികിത്സയും കുറവാണ്. അഞ്ചുവർഷത്തിലധികമായി ആശുപത്രിയിൽ അസ്ഥിരോഗവിഭാഗം ഡോക്ടർമാരില്ലാത്തതിനാൽ അപകടത്തിൽപെട്ടെത്തുന്നവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുക പതിവാണ്. ഡയാലിസിസ് വിഭാഗത്തിൽ വിദഗ്ധ ഡോക്ടറുടെ സേവനം നിർബന്ധമായും വേണമെന്നത് ഇവിടെ ബാധകമല്ല. മതിയായ നഴ്സിങ് ജീവനക്കാരുമില്ല.
താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഡയാലിസിസ്. പരവൂർ നഗരസഭ, പൂതക്കുളം, ചിറക്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ ഒട്ടേറെ രോഗികളാണ് ഡയാലിസിസ് കേന്ദ്രത്തെ ആശ്രയിച്ച് ചികിത്സ തുടരുന്നത്.
നിലവിലുള്ള ജനറേറ്ററിന് എക്സ്റേ യൂനിറ്റും മറ്റ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കാനുള്ള ക്ഷമതയില്ല. ഇതുമൂലം എക്സ്റേക്കായി പരവൂരോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകേണ്ട സ്ഥിതിയാണ്. മുറിവ് പറ്റി ആശുപത്രിയിൽ എത്തിക്കുന്നവരെയും വൈദ്യുതിയില്ലെങ്കിൽ രാത്രിയിൽ മൊബൈൽ വെളിച്ചത്തിലാണ് പരിശോധിക്കുന്നത്.
പലപ്പോഴും രോഗികളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. ഐ.സി.യു, ഓപറേഷൻ തിയറ്റർ, ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ജനറേറ്ററിൽനിന്ന് ലഭിക്കുന്നുണ്ട്. വാർഡുകളിൽ ഓരോ ലൈറ്റും ഫാനും മാത്രമാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.