പരവൂർ: ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചെന്നുകാട്ടി പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും പരവൂർ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് യുവതി സ്റ്റേഷനു മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
പരവൂർ കുറുമണ്ടൽ സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നാലു വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നത്രെ. ഇതിനെതിരെ കുടുംബകോടതിയിൽ കേസ് നടന്നു വരവെ മധ്യസ്ഥ ചർച്ചയിൽ ദമ്പതികൾ വീണ്ടും ഒരുമിച്ചു. വീണ്ടും പീഡനം തുടർന്ന സാഹചര്യത്തിൽ നവംബർ 14ന് പരവൂർ പൊലീസിൽ പരാതി നൽകി. എന്നാൽ, പരാതിക്കാരിക്കെതിരെ കേസെടുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
ചാത്തന്നൂർ എ.സി.പിക്കും തുടർന്ന്, ജില്ല പൊലീസ് മേധാവി, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും നടപടിയായില്ല. കഴിഞ്ഞ ദിവസം വീണ്ടും പരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ പരവൂർ സി.ഐ പരിഹസിക്കുന്ന തരത്തിൽ സംസാരിച്ചെന്നും തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ തുടർ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ പരാതിയിൽ കേസെടുത്തതായി പരവൂർ പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ തെളിവുകൾ ലഭ്യമാകാത്തതിനാലാണ് ആരോപണവിധേയരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. കൂടുതൽ തെളിവുകൾ കിട്ടുന്ന മുറക്ക് പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.