പരവൂർ: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാലിന്യസംഭരണ കേന്ദ്രത്തിലെ തീയണക്കാനായത് പരവൂരിന് ആശ്വാസമായി. തീയണഞ്ഞെങ്കിലും പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി. നെടുങ്ങോലം പുന്നമുക്ക് ജങ്ഷന് സമീപം മുതലകുളത്ത് സ്ഥിതിചെയ്യുന്ന മുനിസിപ്പാലിറ്റിയുടെ മാലിന്യസംഭരണ കേന്ദ്രത്തിന് കഴിഞ്ഞദിവസം രാത്രിയോടെയാണ് തീപിടിച്ചത്.
പരവൂർ, കൊല്ലം, കല്ലമ്പലം, കുണ്ടറ എന്നിവടങ്ങളിൽ നിന്ന് അഗ്നിരക്ഷാസംഘമെത്തി ചൊവ്വാഴ്ച പുലർച്ച മൂന്നുമണിയോടെ തീയണച്ചെങ്കിലും ഇപ്പോഴും പ്ലാസ്റ്റിക് കത്തിപ്പുകയുകയാണ്. ഇതുമൂലം പ്രദേശമാകെ രൂക്ഷഗന്ധമാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ സ്കൂളും തൊട്ട് ചേർന്ന് അംഗൻവാടിയുമുണ്ട്. പുകയാൽ പരിസരവാസികൾ ഗുരുതര ആരോഗ്യപ്രശ്നം നേരിടുകയാണ്. ഇവിടെ തീപിടിക്കാനുള്ള ഗുരുതര സാഹചര്യമുണ്ടാകുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കെട്ടിക്കിടക്കുന്ന മാലിന്യം സമയബന്ധിതമായി നീക്കുന്നതിൽ മുനിസിപ്പാലിറ്റി അധികൃതർക്ക് സംഭവിച്ച വീഴ്ചയാണ് തീപിടിത്തത്തിലേക്കുനയിച്ചത്. വ്യവസായ പാർക്കിന് വേണ്ടി കെട്ടിടങ്ങൾ കെട്ടിയ സ്ഥലം മാലിന്യസംസ്കാരണ കേന്ദ്രമാക്കി മാറ്റുകയാണുണ്ടായത്. വിവിധ പദ്ധതികൾക്കുവേണ്ടി കെട്ടിയ രണ്ടുകെട്ടിടങ്ങളിലൊന്നിൽ പ്ലാസ്റ്റിക് സംഭരിച്ചിരിക്കുകയാണ്. ഹരിത കർമസേനയുടെ പ്ലാസ്റ്റിക് സംഭരിക്കാൻ ആദ്യം കെട്ടിയ കെട്ടിടത്തിന് 2022ലും തീപിടിച്ച് പൂർണമായും കത്തിനശിച്ചിരുന്നു. ഇടിഞ്ഞുകിടക്കുമ്പോൾതന്നെ ആ കെട്ടിടം പുനർനിർമാണത്തിനുപകരം പുതിയ കെട്ടിടം നിർമിക്കുകയും ചെയ്തു.
ചുമ, ശ്വാസംമുട്ട്, കണ്ണുനീറ്റല്‍, ഛര്‍ദി, ക്ഷീണം, കയ്പ്പുരസം, തലവേദന മുതലായ ലക്ഷണങ്ങളോടെ സമീപവാസികള്‍ ചികിത്സ തേടുന്നുണ്ടെങ്കിലും ഇവരിൽ മിക്കവർക്കും ആശുപത്രി അഡ്മിഷൻ വേണ്ടിവന്നിട്ടില്ല. അതേസമയം, ആസ്തമ, സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ രോഗമുള്ള ചില രോഗികളിൽ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ ആശുപത്രിയില്‍ അഡ്മിറ്റാകുന്നുണ്ട്. അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലും കൃഷിസ്ഥലങ്ങളിലും ക്രമേണ പതിക്കുമ്പോള്‍ പിന്നീട് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ മനുഷ്യരില്‍ എത്തിച്ചേരാനുള്ള സാഹചര്യത്തെ ഫലപ്രദമായി പ്രതിരോധിക്കണമെന്നും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തിൽ ആരോഗ്യവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.