പരവൂർ: ജില്ലയിലെ ടൂറിസം വികസനത്തിെൻറ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച ജൈവ വൈവിധ്യ സർക്യൂട്ടിൽ പോളച്ചിറയെ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. സംസ്ഥാനത്തെ അപൂർവം പോക്കാളിപ്പാടങ്ങളിലൊന്നായ പോളച്ചിറ വൈവിധ്യങ്ങളുടെ കലവറയാണ്. സീസൺ അനുസരിച്ച് വിവിധയിനം ദേശാടനപ്പക്ഷികളുടെ കേന്ദ്രം കൂടിയാണിവിടം. വിവിധയിനം മത്സ്യങ്ങളുടെയും ആവാസകേന്ദ്രമാണ്. 1500 ഏക്കർ വിസ്തൃതിയുള്ള പുഞ്ചപ്പാടത്തിൽ നെൽകൃഷിയും മത്സ്യകൃഷിയും ഇടവിട്ട് ചെയ്തുവരുന്നു.
താമര, ആമ്പൽ, കൈത, കണ്ടൽ തുടങ്ങി പലയിനം സസ്യസമ്പത്തും പോളച്ചിറയെ വേറിട്ടുനിർത്തുന്നു. യാതൊരു വികസന പ്രവർത്തനങ്ങളും എത്തിനോക്കാത്ത അവസ്ഥയിലും ഇവിടേക്ക് വിദേശികളടക്കമുള്ളവർ എത്താറുണ്ട്. കണ്ടൽകാടുകൾ ഏറെയുള്ള പരവൂർ കായൽ, മാലാക്കായൽ എന്നിവയും ഇതിെൻറ ഭാഗമാക്കാവുന്നതാണ്. പരവൂർ കായലിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിക്കുന്ന കൊല്ലം തോട് സഹായകമാകും. വിശാല കടൽതീരവും ആകർഷണമാണ്.
നിർദിഷ്ട ജൈവ വൈവിധ്യ സർക്യൂട്ടിന് 25 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. അഷ്ടമുടിക്കായൽ, മൺറോത്തുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മലമേൽപ്പാറ, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നിവിടങ്ങൾ ചേർത്താണ് ഉദ്ദേശിച്ചിട്ടുള്ളത്. ജൈവ വൈവിധ്യം അനുഭവപ്പെടുത്തി സഞ്ചാരികൾക്ക് യാത്രയൊരുക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.