പരവൂർ: പുതക്കുളത്ത് ഗൃഹനാഥൻ ഭാര്യയേയും മകളെയും കൊലപ്പെടുത്തുകയും മകനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ കടബാധ്യതയാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. അതിനനുസരിച്ചുള്ള മൊഴിയാണ് ശ്രീജു പൊലീസിന് നൽകിയിട്ടുള്ളത്. നേരത്തെ വിദേശത്തായിരുന്ന ശ്രീജിത്ത് എന്ന് വിളിക്കുന്ന ശ്രീജു നാട്ടിൽ വന്ന് നിർമാണമേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.
പരവൂർ കൂനയിൽ സ്വദേശിയാണ്. വിദേശത്ത് നിന്നും വന്നതിന് ശേഷം ഭാര്യ പ്രീതയുടെ വീട്ടിൽ തന്നെയാണ് താമസം. പരവൂർ കൂനയിലും വീടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രീത വീടിന് തൊട്ട് അടുത്ത് തുണികടയും ഫാൻസി സെന്ററുംനടത്തി വരികയായിരുന്നു.
ഒപ്പം വർഷങ്ങളായി പൂതക്കുളം സർവിസ് സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റുമാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന മകൻ ശ്രീരാഗ് പൂതക്കുളം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. പ്ലസ് ടു പരീക്ഷ കഴിഞ്ഞു പരീക്ഷഫലം കാത്തിരിക്കുന്ന ശ്രീരാഗിന് ചൊവ്വാഴ്ച 18 വയസ്സ് തികയുന്ന ദിവസമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
മരിച്ച ശ്രീനന്ദ പൂതക്കുളം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
പരവൂർ: വീട്ടിൽ നടന്ന സംഭവങ്ങൾ അറിയാതെ പ്രീതയുടെ പിതാവ് മോഹനൻപിള്ള. രാവിലെ ഏഴ് മണിക്ക് പതിവ് പോലെ പ്രാഥമിക കർമങ്ങൾ നിർവഹിച്ചു അടുത്തുള്ള ചായകടയിൽനിന്ന് ചായ കുടിച്ചശേഷം ജോലിക്കായി പോയിരുന്നു. പിന്നീട് മരണവാർത്തയറിഞ്ഞാണ് വീട്ടിലേക്ക് ഓടിയെത്തിയത്.
പ്രീതയുടെ പിതാവ് മോഹനൻപിള്ള വീടിനോട് ചേർന്ന മുറിയിലാണ് കിടക്കുന്നത്. പുറത്തേക്ക് വാതിലുള്ള മുറിയായതിനാൽ വീട്ടിലുള്ളവർ ഉണരും മുമ്പ് ജംഗ്ഷനിലെത്തി ജോലിക്കായി പോകുമായിരുന്നു. മോഹനൻപിള്ളയുടെ ഭാര്യയും ഒരു മകനും നേരത്തെ മരിച്ചിരുന്നു. ഇതുമൂലം ഒറ്റക്കാണ് താമസം. മരണവാർത്ത അറിഞ്ഞതോടെ ഇദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ശേഷം സ്വയംമറന്നു നിലവിളിക്കുന്ന മോഹനൻപിള്ള നൊമ്പരകാഴ്ചയായി.
പരവൂർ: കൊലപാതക വാർത്ത കേട്ടാണ് ചൊവ്വാഴ്ച പുതക്കുളം ഗ്രാമവാസികൾ ഉണർന്നത്. സംഭവം കാട്ടുതീ പോലെ പടർന്നതോടെ സ്ഥലത്തേക്ക് ജനം ഒഴുകി. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റായ പ്രീതക്ക് വലിയൊരു സുഹൃത്ത് വലയം തന്നെ പൂതക്കുളത്തുണ്ട്.
വർഷങ്ങളായി നൂറുകണക്കിന് വീടുകളിൽ മുടങ്ങാതെയെത്തിയിരുന്ന പ്രീതയുടെ വിയോഗം പലർക്കും താങ്ങാൻ പറ്റാത്തതാണെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. അടുത്തിടെയാണ് വീടിന്റെ തൊട്ടടുത്തുതന്നെ തയ്യൽകടയും തുണികടയുമുള്ള ചെറിയ കടതുടങ്ങിയത്. കടബാധ്യതയുള്ളതായി അടുത്ത കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും അറിയില്ല എന്ന് പറയുന്നു.
പാരിപ്പള്ളി: കൃത്യം ചെയ്തത് താനെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽവെച്ച് സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനോട് ശ്രീജു കുറ്റസമ്മതം നടത്തി. താൻ വിഷം കഴിച്ചതായും സ്വയം ഞെരമ്പ് മുറിച്ചതാണെന്നും പൊലീസിനോട് പറഞ്ഞു. ശ്രീജു പൊലീസ് നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്ത ശ്രീജുവിനെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ.
പരവൂർ: രാവിലെ ഏഴര കഴിഞ്ഞിട്ടും ആശുപത്രിയിൽ പോകേണ്ട സഹോദരിയെ കാണാത്തതിനെ തുടർന്നാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പ്രമോദ് വിളിക്കാനെത്തിയത്. വാതിലിൽ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീടിന്റെ ചുറ്റും നോക്കി. തുടർന്ന് സമീപത്തെ മറ്റ് വീട്ടുകാരുമെത്തി വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു.
രക്തം നിറഞ്ഞു കിടക്കുന്ന മുറികളും ബഡ് റൂമിൽ സഹോദരി പ്രീതയെയും മകളെയും മരിച്ച നിലയിലുമാണ് കണ്ടത്. ശ്രീജുവിനെ അടുക്കളയിൽ വിഷം ഉള്ളിൽച്ചെന്ന് കൈയിൽമുറിവ് പറ്റി കിടക്കുന്ന നിലിയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആംബുലൻസുകളിലും ഓട്ടോയിലുമായി ആശുപത്രികളിൽ എത്തിച്ചു.
പ്രീതയുടെയും മകളുടെയും കഴുത്തിൽ ആഴത്തിൽ വലിയ മുറിവുണ്ടായിരുന്നു. രണ്ട് മുറികളും ഹാളും ഇടനാഴിയുമുള്ള വീട്ടിൽ കസേരകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. ഹാളിലും അടുക്കളയിലും മുഴുവൻ രക്തം തളംകെട്ടി നിന്നിരുന്നു.
മൂന്നുപേരെയും വീടിനുള്ളിലെ മറ്റ് സ്ഥലങ്ങളിൽവെച്ച് കൊന്നശേഷം ബെഡ് റൂമിൽ കൊണ്ട് വന്ന് ഇട്ടതാവാമെന്ന് പൊലീസ് പറഞ്ഞു. പരിശോധനയിൽ കൊലപ്പെടുത്താൻ ഉപയോഗിച്ചു എന്ന് കരുതുന്ന മൂന്ന് കത്തികൾ കണ്ടെത്തി. ഒപ്പം ഫിനോയിൽ വിഷത്തിന്റെ ബോട്ടിലും കണ്ടെത്തി. കരുതി കൂട്ടിയുള്ള കൊലപാതകവും അതിനെ തുടർന്നുള്ള ആത്മഹത്യയും ദുരൂഹതകൾ ബാക്കിയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.