പറവൂർ: പറവൂർ ജോയന്റ് ആർ.ടി ഓഫിസിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലൈസൻസും യഥാസമയം നൽകാതെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ഇവ രണ്ടും നേരിട്ട് നൽകാറില്ല. തപാലിൽ അയക്കാതെ വെച്ചുതാമസിപ്പിക്കുന്നതിനാൽ അത്യാവശ്യക്കാർ വലയുകയാണ്. രണ്ടും മൂന്നും ആഴ്ച കഴിഞ്ഞാണ് തപാൽവഴി പലർക്കും സർട്ടിഫിക്കറ്റും ലൈസൻസും മറ്റും കിട്ടുന്നത്. തപാൽ വഴി അയക്കുന്നതിന് വാഹന ഉടമകളിൽനിന്ന് 45 രൂപ ഈടാക്കുന്നുണ്ട്.
ഇതിന് പുറമെ പേരുമാറ്റാനും ഫിനാൻസ് തീർപ്പാക്കാനും അപേക്ഷ നൽകിയാൽ ഒരു മാസത്തോളം കാത്തിരിക്കണം. ആർ.സി ബുക്ക് ഇല്ലാതെ വാഹനം ഓടിച്ചാൽ പരിശോധനയിൽ പിഴ അടക്കേണ്ടിവരും.
സംസ്ഥാനം വിട്ട് പുറത്തുപോകുവാൻ കഴിയില്ല. വാഹനത്തിന് പുതിയ ഫിനാൻസ് എടുക്കുവാനോ ഫിറ്റ്നസ് പുതുക്കുവാനോ സാധിക്കില്ല. പേരുമാറ്റി 15 ദിവസത്തിനകം ഇൻഷുറൻസിൽ പേരുമാറ്റം നടത്തിയില്ലെങ്കിൽ നഷ്ട പരിഹാരം ലഭിക്കില്ല. ഇത്തരം നൂലാമാലകൾ ഉണ്ടായിട്ടും രേഖകൾ യഥാസമയം നൽകുന്നതിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
പറവൂരിൽ ആർ.സി ബുക്ക് അടിക്കാനുള്ള പേപ്പർ ലഭ്യമല്ലാത്തതിനാൽ മൂന്നാഴ്ചയായി ആർ.സി ബുക്കുകൾ ആർക്കും ലഭിച്ചിട്ടില്ല. ലൈസൻസിന്റെ അവസ്ഥയും ഇതുതന്നെയാണ്. പലരും ഓഫിസ് കയറിയിറങ്ങുകയാണ്.
ഇത്തരം കാര്യങ്ങൾ അറിയുന്നതിനായി വെഹിക്കൾ ഇൻസ്പെക്ടർമാരെ ഫോണിൽ വിളിച്ചാൽ അവരിൽ ചിലർ വിളിക്കുന്നവരോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം ഒരു മുനിസിപ്പൽ കൗൺസിലർ അദ്ദേഹത്തിന്റെ ആർ.സി ബുക്ക് കിട്ടാത്തതിനാൽ ഓഫിസിൽ ബഹളംവെച്ചു. പിറകെ എം.എൽ.എ ഓഫിസിൽനിന്ന് വിളിവന്നു. അതുവരെ കൈയൊഴിഞ്ഞിരുന്നവർ രണ്ടുദിവസത്തിനകം ബുക്ക് എത്തിച്ചുകൊടുത്തു.
കോവിഡിന്റെ പേരുപറഞ്ഞ് നടപ്പാക്കിയ പരിഷ്കാരങ്ങൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് സഹായകരമായ വിധത്തിൽ എളുപ്പത്തിലാക്കണമെന്ന് ഓൾ കേരള ഓട്ടോ കൺസൾട്ടൻസ് വർക്കേഴ്സ് അസോ. പ്രസിഡന്റ് സി.എസ്. വേണുഗോപാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.