പരവൂർ: പരവൂർ കായലിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ കായലിൽ മണൽപ്പരപ്പുകൾ രൂപപ്പെട്ടുതുടങ്ങി. ഇത്തരത്തിൽ കായലിന് നടുവിൽ രൂപപ്പെട്ട മണൽപ്പരപ്പുകൾ അപകടക്കെണിയായും മാറുന്നുണ്ട്. മണൽപ്പരപ്പിൽ കളിക്കാനെത്തുന്നവരാണ് അപകടത്തിൽപെടുന്നത്. മണൽപ്പരപ്പിനടുത്തുള്ള ചുഴികളിൽപെട്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് കായലിലിറങ്ങിയ മുണ്ടയ്ക്കൽ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചിരുന്നു. വേനൽ ശക്തമായതോടെയാണ് പരവൂർ കായലിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയത്. പൊഴിക്കരയിലെ ചീപ്പിന്റെ ഷട്ടറുകളെല്ലാം തുറന്നുകിടക്കുന്നത് കായലിലെ വെള്ളം ക്രമാതീതമായി കടലിലേക്ക് ഒഴുകിപ്പോകാൻ കാരണമാകുന്നു. പൊഴിക്കര ചീപ്പിന്റെ ഷട്ടറുകളും തുരുമ്പിച്ച നിലയിലാണ്. ഇതിന് അടിയന്തര അറ്റകുറ്റപ്പണി ആവശ്യമാണ്. മയ്യനാട്, കാക്കോട്ടുമൂല, പുല്ലിച്ചിറ, കൊട്ടിയം പ്രദേശങ്ങളിലെ കിണറുകൾ വറ്റിത്തുടങ്ങിയിട്ടുണ്ട്.
ചീപ്പു പാലത്തിന്റെ ഷട്ടറുകൾ താഴ്ത്തി ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയാറാകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റാഫെൽ കുര്യൻ ആവശ്യപ്പെട്ടു. ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തി കടലിലേക്കുള്ള ഒഴുക്ക് തടയണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.