പറവൂർ: നഗരസഭയുടെ വെടിമറയിലെ ഡമ്പിങ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കിത്തുടങ്ങി. മാസങ്ങളായി ഇത് നീക്കം ചെയ്യാതെ ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം ഇവിടെനിന്ന് കൊണ്ടുപോകുന്നതിന് നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിരുന്ന സ്ഥാപനം അതിന് തയാറാകാഞ്ഞതാണ് ഗ്രൗണ്ടിൽ 15 അടിയോളം ഉയരത്തിൽ പ്ലാസ്റ്റിക്മാലിന്യം അടിയാൻ ഇടയാക്കിയതെന്ന് പറയുന്നു.
12 ടണ്ണിലധികം മാലിന്യം ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവ കൊണ്ടുപോകാൻ തുടങ്ങിയത്. മഴ പെയ്തതോടെ മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അറിഞ്ഞതോടെയാണ് നഗരസഭ അധികൃതർ കരാറുകാരനുമേൽ സമ്മർദം ചെലുത്തിയതും മാലിന്യനീക്കം ആരംഭിച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് വലിയ ലോറികളിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്. പത്ത് ടണ്ണോളം മാലിന്യം ഇനിയും ഗ്രൗണ്ടിലുണ്ട്.
നഗരസഭയുടെ നിരുത്തരവാദിത്തമാണ് നഗരമധ്യത്തിൽ ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാൻ ഇടയായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.