പരവൂർ കായലിൽ കയാക്കിങ്ങിനിടെ വിനോദസഞ്ചാരികൾക്ക് പരിക്ക്

പരവൂര്‍: പരവൂര്‍ കായലില്‍ കയാക്കിങ് നടത്തുന്നതിനിടെ കയാക്ക് ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. ഹൈദരാബാദ് സ്വദേശികളായ 12 പേര്‍ക്കും ഒരു ഗൈഡിനുമാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ തീരദേശ റോഡിൽ പൊഴിക്കര ചീപ്പ് പാലത്തിനു സമീപത്തായിരുന്നു അപകടം. താന്നിയിലെ സ്വകാര്യ കയാക്കിങ് കേന്ദ്രത്തിലെത്തിയവരാണിവര്‍. മുക്കം ഭാഗത്തുനിന്ന് കയാക്കിങ് നടത്തി വരുമ്പോൾ പൊഴിക്കരയിലാണ് അപകടത്തില്‍പെട്ടത്.

ദിവസങ്ങളായുള്ള മഴയില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊഴിക്കര ചീപ്പില്‍ നിന്ന് ചൂണ്ട എറിഞ്ഞ് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്.

ഉടന്‍ ആളുകളെ വിളിച്ചുകൂട്ടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടന്‍ പരവൂര്‍ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പരിക്കറ്റവരെ അഗ്നിരക്ഷാസേന നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൗലിക (26), ദീപാംശ് (29), തുഷാന്ത് (29), തുഷാര്‍ (30) എന്നിവരെയാണ് നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ശക്തമായ അടിയൊഴുക്കുള്ള പ്രദേശത്താണ് അപകടം. ഒഴുക്ക് കാരണം കയാക്ക് ഉള്‍പ്പെടെ കുറച്ചുപേര്‍ പൊഴിക്കര ക്ഷേത്രത്തിനു പിന്നിലെ പൊഴിമുഖത്തേക്ക് നീങ്ങുകയായിരുന്നു. ഇവരെയും മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

ലൈഫ് ജാക്കറ്റ് ധരിച്ചതിനാല്‍ ആരും മുങ്ങിപ്പോകാതെ കിടന്നത് രക്ഷാപ്രവര്‍ത്തനത്തിനും സഹായമായി. ഇത്തിക്കരയാറില്‍ നിന്ന് വരുന്ന മലവെള്ളം പരവൂര്‍ കായലിലൂടെയാണ് കടലിലേക്കെത്തുന്നത്. ഒഴുകിപ്പോയ കയാക്കുകള്‍ തീരത്തെത്തിച്ചു.

Tags:    
News Summary - Tourist injured while kayaking in Paravoor lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.