പത്തനാപുരം: വ്യാജ സ്വർണം പണയംവെച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രധാനപ്രതി പിടിയിൽ. കോട്ടയം പെരുവ സ്വദേശി അനു ചന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് പത്തനാപുരം പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യബാങ്കിന്റെ മൂന്ന് ശാഖകൾ വഴി 1.6 കോടിയുടെ തട്ടിപ്പാണ് ഇയാളുടെ നേതൃത്വത്തിൽ നടത്തിയത്. സംഭവത്തിൽ മാങ്കോട് വട്ടക്കാവ് പുത്തൻവീട്ടിൽ മുഹമ്മദ് ഷബീറിനെ പത്തനാപുരം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ബാങ്കിൽ നടത്തിയ ഓഡിറ്റിലാണ് വ്യാജ സ്വർണം കണ്ടെത്തിയത്.
ബാങ്കുടമ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. പ്രതി ഒറ്റക്കായിരിക്കില്ല തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം. ഓരോ പ്രദേശത്തും സമാന രീതിയിൽ പണയംവെച്ച് പണം കണ്ടെത്താൻ ആളുകളുണ്ടാകാനാണ് സാധ്യതയെന്നും സംസ്ഥാനത്തുടനീളം സംഘത്തിന് ശൃംഖലയുണ്ടെന്നുമാണ് പൊലീസ് നിഗമനം.
എസ്.എച്ച്.ഒ ആര്. ബിജു, എസ്.ഐ ശരലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്ഥലങ്ങൾ മാറി ഒളിവിൽ താമസിച്ചുവരുകയായിരുന്നു പ്രതി. വ്യാഴാഴ്ച രാവിലെ പത്തനാപുരത്ത് പ്രതിയെ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.