പുനലൂർ: റെയിൽവേ ലൈൻ വൈദ്യുതീകരണത്തിനായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിർമിച്ച ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് കെ.എസ്.ഇ.ബി ടെൻഡർ നടപടി തുടങ്ങിയതായി പി.എസ്. സുപാൽ എം.എൽ.എ. കെ.എസ്.ഇ.ബി പുനലൂർ സബ്സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. ഇതിന് കുറഞ്ഞത് നാലുമാസം വേണ്ടിവരും. കൊല്ലം- ചെങ്കോട്ട ലൈൻ പൂർണമായി വൈദ്യുതീകരിക്കുന്നതിനായി പുനലൂർ സ്റ്റേഷനിൽ 110 കെ.വി സബ് സ്റ്റേഷൻ സ്ഥാപിച്ചിട്ട് ട്രയൽ റൺ ചെയ്തിട്ട് മാസങ്ങളായി. വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ 28.7 കോടി രൂപ റെയിൽവേ കെ.എസ്.ഇ.ബിക്ക് ഒടുക്കിയിരുന്നു. എന്നാൽ, സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി കാലതാമസം വരുത്തുന്നതായി റെയിൽവേ അധികൃതർ ആരോപിച്ചിരുന്നു.
ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽവേ പാതയിൽ വൈദ്യുതീകരണത്തിന് ശേഷം പൂർണമായും ഇലക്ട്രിക് എൻജിനുകൾ ഉപയോഗിച്ച് ട്രെയിൻ ഗതാഗതം ആരംഭിക്കാൻ റെയിൽവേ പുനലൂരിൽ ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമിച്ചത്. നേരത്തെ വൈദ്യുതീകരണം പൂർത്തിയായ പുനലൂർ-കൊല്ലം റെയിൽവേ പാതയിൽ ഇപ്പോൾ പെരിനാടുള്ള ട്രാക്ഷൻ സബ് സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി ലഭ്യമാക്കുന്നത്.
അടുത്ത േമയിൽ ചെങ്കോട്ട-പുനലൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവർത്തനങ്ങളും പൂർത്തിയാകും. അതോടെ പുനലൂർ ട്രാക്ഷൻ സബ് സ്റ്റേഷൻ പ്രവർത്തനക്ഷമമാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ റെയിൽവേക്ക് വൈദ്യുതി ലഭ്യമാക്കുന്ന കാര്യത്തിൽ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് വലിയ കാലതാമസം ഉണ്ടായി. ഇക്കാര്യങ്ങൾ എം.എൽ.എ വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി മന്ത്രിതല ചർച്ച നടത്തി തർക്കങ്ങൾ പരിഹരിച്ചിരുന്നു. പുനലൂർ-ചെങ്കോട്ട ലൈൻ വൈദ്യുതീകരിക്കുന്നതോടെ ചെന്നൈ-കൊല്ലം റെയിൽവേ ലൈൻ പൂർണമായും വൈദ്യുതീകരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.