പുനലൂർ: രണ്ടുദിവസം കിഴക്കൻ മലയോരമേഖലയെ ആശങ്കയിലാക്കിയ കനത്ത മഴ കുറഞ്ഞെങ്കിലും തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാം ഷട്ടറുകൾ ശനിയാഴ്ച തുറന്നു.
പകൽ 11 ഓടെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി. നീരൊഴുക്ക് കൂടുന്നതനുസരിച്ച് ഓരോ ഷട്ടറും 60 സെൻറിമീറ്റർ വരെ ഉയർത്തുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു. ഷട്ടർ തുറന്നതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.
115.82 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ശനിയാഴ്ച രാവിലെ എട്ടിന് 115.22 മീറ്റർ വെള്ളമെത്തി. ഇത് ശനിയാഴ്ച ഉണ്ടാകേണ്ട ആകെ സംഭരണശേഷിയുടെ അധികമാണ്. നിലവിൽ ആകെ സംഭരണശേഷിയുടെ 95 ശതമാനം വരെ വെള്ളമായി. വരുന്ന വേനൽക്കാല കനാൽജലവിതരണത്തിന് ആവശ്യമായത് ശേഖരിച്ച ശേഷം അധികജലം തുറന്നുവിടും.
ആറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികം മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ മലയോരമേഖലയിൽ മഴ ശക്തികുറഞ്ഞ് ശനിയാഴ്ച തെളിഞ്ഞ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ചത്തെ മഴയിൽ ആര്യങ്കാവ്, അച്ചൻകോവിൽ മേഖലയിൽ പലയിടത്തും വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു. കൂടാതെ സംസ്ഥാന അതിർത്തിയോട് ചേർന്ന തമിഴ്നാട് പുളിയറ, ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിൽ വെള്ളം ഉയരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.