പുനലൂർ: മീനാട് (ജപ്പാൻ) കുടിവെള്ള പദ്ധതിയുടെ ജല ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന കരവാളൂർ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്. വരൾച്ച ആരംഭിച്ചതോടെ പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശങ്ങളായ ചേറ്റുകുഴി വാർഡിലെ കൈതക്കെട്ട്, ചേറ്റുകുഴി, കൂട്ടപ്പാറ, വെഞ്ചേമ്പ് -അയണിക്കോട് വാർഡുകളിലെ ഒരുനട, നീലാമ്മാൾ വാർഡിലെ ആനാംവിള, ചുടുകുന്നുംപുറം, മണലിൽ, അടുക്കളമൂല വാർഡിലെ കലുങ്കുമ്മുക്ക് തടത്തിൽ ഭാഗം, കുണ്ടുമൺ വാർഡിലെ ചൂട്ടേൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി.
മേഖലയിലെ സ്വാഭാവിക ജലസ്രോതസ്സുകളായ കിണറുകളും കുളങ്ങളും മുഴുവനും വറ്റിയ നിലയിലാണ്. കല്ലട ജലസേചന പദ്ധതിയുടെ വെള്ളവും മേഖലയിൽ ലഭ്യമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. മേഖലക്ക് ആശ്രയിക്കാനുള്ള മറ്റൊരു കുടിവെള്ള സ്രോതസ്സായ ജലജീവൻ മിഷൻ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണവും നിലച്ച മട്ടാണ്.
രണ്ടുവർഷം മുമ്പ് ജലജീവന്‍ മിഷൻ പദ്ധതി ഇവിടെ നടപ്പാക്കിയെങ്കിലും ഇതിൽ ചില മേഖലകളിൽ നാളിതുവരെയായി പൈപ്പ് ലൈൻ വഴി വെള്ളം എത്തിയിട്ടുമില്ല.കൂടാതെ പഞ്ചായത്ത് മേഖലയിലെ ഉയരം കുറഞ്ഞ പല പ്രദേശങ്ങളിലും പൈപ്പ് ലൈനുകൾ സ്ഥിരമായി പൊട്ടിയൊഴുകുന്ന നിലയിലാണ്. ഇത് സമയബന്ധിതമായി ജല അതോറിറ്റി പരിഹരിക്കാനും തയാറാകത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
മേഖലയിലെ ജലജീവന്‍ മിഷൻ പദ്ധതിയിൽ വിതരണത്തിന് ജലം ലഭ്യമാക്കുന്ന മീനാട് കുടിവെള്ള പദ്ധതിയുടെ നിർമാണവേളയിൽ പൊതുജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിട്ട കരവാളൂർ, ഇടമുളക്കൽ പഞ്ചായത്തുകളിൽ കഴിഞ്ഞ വേനൽക്കാലത്ത് മിക്ക ദിവസങ്ങളിലും ജലജീവന്‍ മിഷൻ വഴിയുള്ള വെള്ളം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വേനൽക്കാലത്ത് ടാങ്കറുകൾ വഴിയുള്ള കുടിവെള്ള വിതരണത്തിന് പോലും മീനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായ വട്ടമൺ, ചേറ്റുകുഴി, അറക്കൽ, ഇടമുളക്കൽ എന്നീ ടാങ്കുകളിൽ നിന്ന് ജലം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു.
കരവാളൂർ, ഇടമുളയ്ക്കൽ, അഞ്ചൽ, വിളക്കുടി എന്നീ പഞ്ചായത്തുകളിലേക്കും പുനലൂർ നഗരസഭയിലേക്കും ടാങ്കർ വഴിയുള്ള കുടിവെള്ള വിതരണത്തിന് കഴിഞ്ഞ വേനൽക്കാലത്ത് ആശ്രയിച്ചത് മീനാട് കുടിവെള്ള പദ്ധതിയുടെ ഉമ്മന്നൂർ ടാങ്കിനെയായിരുന്നു. ഇതും ഈ പഞ്ചായത്തുകളിലേക്ക് ആവശ്യമായ കുടിവെള്ള വിതരണം കൃത്യമായി നടത്തുന്നതിന് പര്യാപ്തമായിരുന്നില്ല.
മീനാട് കുടിവെള്ള പദ്ധതി സ്ഥാപിക്കുന്ന സമയത്ത് രൂപപ്പെടുത്തിയ ഉപഭോക്തൃ പട്ടികയിലുള്ള പഞ്ചായത്തുകൾക്ക് കഴിഞ്ഞ വേനൽക്കാലത്ത് ആവശ്യമായ ജലം ലഭിക്കാതിരുന്നു. അന്ന് ഉപഭോക്തൃ പട്ടികയിൽ ഇല്ലാതിരുന്ന കൊല്ലം കോർപറേഷനും കുണ്ടറ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്കും ഈ പദ്ധതി വഴി ധാരാളമായി ജലം ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
മീനാട് കുടിവെള്ള പദ്ധതിയുടെ മുന്തിയ ഭാഗം വെള്ളവും കൊല്ലം കോർപറേഷനും കുണ്ടറ മേഖലക്കും പരവൂർ നഗരസഭക്കുമായി വിതരണം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. മീനാട് കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണശേഷിക്കും സംവരണ - വിതരണശേഷിക്കമേലുള്ള വിതരണ ലൈനുകളാണ് പദ്ധതിയുടെ പൂർത്തീകരണത്തിന് ശേഷം പദ്ധതിയുമായി പിന്നീട് ബന്ധിപ്പിച്ചിട്ടുള്ളത്. ഇത് കാരണമാണ് ഈ പദ്ധതി പ്രയോജനപ്പെടേണ്ട മേഖലകളിൽ പ്രയോജനപ്പെടാതിരിക്കുകയും ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലകളെ മറികടന്ന് മറ്റു മേഖലകളിലേക്ക് ജലം എത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.