ആര്യങ്കാവ് പൂത്തോട്ടത്തെ വി.വി.എം ആശുപത്രി
പുനലൂർ: തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായി എസ്റ്റേറ്റ് മേഖലയിലെ സ്വകാര്യ ആശുപത്രി ആര്യങ്കാവ് പഞ്ചായത്ത് ഏറ്റെടുക്കുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിൽ ആര്യങ്കാവ് പഞ്ചായത്തിലെ പൂത്തോട്ടത്താണ് വി.വി.എം ആശുപത്രി നിലവിലുള്ളത്.
എസ്റ്റേറ്റിലെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമാണ് ഇവിടെ നിന്നും ചികിത്സ ലഭിച്ചിരുന്നത്. എന്നാൽ, തോട്ടം വ്യാവസായം നഷ്ടത്തിലാണെന്ന് പറഞ്ഞ് അടുത്ത കാലത്തായി ഈ ആശുപത്രിയിൽനിന്ന് മതിയായ ചികിത്സ അർഹരായവർക്ക് ലഭിക്കുന്നില്ല. തോട്ടങ്ങളിലെ ജോലിക്കിടെ വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും ഉപദ്രവം ഏൽക്കുന്ന തൊഴിലാളികൾക്കു പോലും അടിയന്തര ചികിത്സ ലഭിക്കാത്ത സഹചര്യമാണ്.
പഞ്ചായത്തിലെ ആറ് വാർഡുകൾ തോട്ടം മേഖലയിലാണുള്ളത്. അത്യാഹിതത്തിലാകുന്നതും അല്ലാത്തതുമായ തൊഴിലാളികളും ആശ്രിതരും എന്തെങ്കിലും സംഭവിച്ചാൽ കഴുതുരുട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ പുനലൂർ താലൂക്ക് ആശുപത്രിയിലോയാണ് ചികിത്സ തേടിയിരുന്നത്.
ഇത് പലപ്പോഴും തൊഴിലാളികൾക്ക് ബുദ്ധിമുട്ടും സാമ്പത്തിക ചെലവും വരുത്തുന്നു. ഡോക്ടർമാരെയും മറ്റ് ജീവനക്കാരേയും നിയമിച്ച് ആശുപത്രിയുടെ പ്രവർത്തം മെച്ചമാക്കാൻ മാനേജ്മെന്റ് തയാറാകത്തതോടെയാണ് ധാരണയുടെ അടിസ്ഥാനത്തിൽ ആശുപത്രി ഏറ്റെടുക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്.
ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി 10 ലക്ഷം രൂപ അനുവദിച്ചു. ഒരു ഡോക്ടറെയും രണ്ടു നഴ്സിനേയും പഞ്ചായത്ത് നിയമിച്ച് താമസിയാതെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.