കൊല്ലം: ജില്ലയില്‍ പെയ്ത കനത്ത മഴയിൽ വ്യാപക നാശം. മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണാണ് വ്യാപക നാശനഷ്ടമുണ്ടായത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 52 വീടുകള്‍ക്ക് ഭാഗികനാശം നേരിട്ടു. കുന്നത്തൂരില്‍ ഒരു വീട് പൂര്‍ണമായി തകർന്നു. കൊട്ടാരക്കര താലൂക്കിലെ വീടുകൾക്കാണ് കൂടുതൽ നാശം നേരിട്ടത്. 24 വീടുകളാണ് ഇവിടെ ഭാഗികമായി തകർന്നത്.
കരുനാഗപ്പള്ളി താലൂക്കിൽ ആറ്, കൊല്ലം താലൂക്കിൽ ഏഴ്, കുന്നത്തൂരിൽ എട്ട്, പത്തനാപുരത്ത് ഏഴ് എന്നിങ്ങനെയാണ് ഭാഗികമായി തകർന്ന വീടുകളുടെ കണക്ക്. കൊല്ലം എസ്.എന്‍ കോളജ് ജങ്ഷനില്‍ മരം ഒടിഞ്ഞുവീണ് ഒരാള്‍ക്കും കൊട്ടാരക്കര താലൂക്കില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് പേര്‍ക്കും പരിക്കേറ്റു.
കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയിൽ വിവിധ സ്റ്റേഷനുകളില്‍ ശരാശരി 51.15 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ആര്യങ്കാവ് (82.4), കൊട്ടാരക്കര (76.2) എന്നിങ്ങനെയാണ് ഉയര്‍ന്നതോതിലുള്ള മില്ലിമീറ്റര്‍ കണക്ക്. ജില്ലയിൽ വ്യാഴാഴ്ച അതിശക്തമായ മഴക്കും 28 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്കുമാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്.
പുനലൂർ: കിഴക്കൻ മലയോരത്ത് മഴയും കാറ്റും ശക്തമായി. നീരൊഴുക്ക് വർധിച്ചതോടെ അപകടസാധ്യത കണക്കിലെടുത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലരുവി അടച്ചു.
പാലരുവി ജലപാതത്തിൽ വെള്ളമെത്തുന്ന ശെന്തുരുണി ഉൾപ്പെട്ട അതിർത്തി മലകളിൽ രണ്ടു ദിവസമായി മഴ ശക്തമാണ്. ഉൾവനത്തിൽ നിന്ന് കലങ്ങിമറിഞ്ഞ വെള്ളത്തിനൊപ്പം വലിയ മരങ്ങളും കല്ലുകളും പാലരുവിയിൽ താഴേക്ക് പതിക്കുന്നുണ്ട്. ശക്തമായി വെള്ളം വീഴുന്നതും കാറ്റും കാരണം അരുവിയുടെ പരിസരത്ത് പോലും നിന്ന് കുളിക്കാനാകുന്നില്ല. ഇത് പരിഗണിച്ചാണ് ചൊവ്വാഴ്ച വൈകീട്ടോടെ വിനോദസഞ്ചാരികൾക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.
മഴ കനത്തതോടെ അച്ചൻകോവിൽ, കഴുതുരുട്ടി, കല്ലടയാറുകളിൽ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നു. തെന്മല പരപ്പാർ ഡാമിലും വെള്ളം കൂടിയെങ്കിലും അപകട സാഹചര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.