ശാസ്താംകോട്ട: ശുദ്ധജല തടാകത്തിലെ വെള്ളത്തിന് വലിയതോതിൽ നിറംമാറ്റം സംഭവിക്കുന്നു. സാധാരണ മഴക്കാലത്ത് ജലം ഒഴുകി തടാകത്തിൽ എത്തുമ്പോൾ തടാകത്തിന് ചെളിവെള്ളത്തിന് സമാനമായ നിറം മാറ്റം ഉണ്ടാകാറുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇത് മാറുകയും പിന്നീട് ജലത്തിന്‍റെ സ്വാഭാവിക നിറം കൈവരിക്കുകയും ചെയ്യും. എന്നാൽ, ഇപ്പോൾ ദിവസങ്ങളായി നിറം മാറ്റം അതേപടി തുടരുകയാണ്. ഏതെങ്കിലും പ്രത്യേക സ്ഥലത്ത് മാത്രമായി അല്ല നിറം മാറ്റം സംഭവിച്ചിരിക്കുന്നത്. കായൽ ആകെ നിറം മാറി.
കായലിൽനിന്ന് വിതരണം ചെയ്യുന്ന വെള്ളത്തിലും നിറംമാറ്റമുണ്ട്. ഏറെ പ്രത്യേകതകളുള്ള ശാസ്താംകോട്ട കായലിന്റെ അടിത്തട്ടിനക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് നേരത്തേതന്നെ ആവശ്യമുയർന്നിരുന്നു. 1982 ജനുവരി 16 ലെ, 24 പേർ മരിച്ച വഞ്ചിയപകടത്തെതുടർന്ന് ഈ ആവശ്യം ശക്തമായിരുന്നു. 2012ൽ നത്തക്കകൾ വൻതോതിൽ ചത്തു കരക്കടിഞ്ഞപ്പോഴും, ഭൂമി കുലുക്കമുണ്ടായി കായലോട് ചേർന്ന പടിഞ്ഞാറെ കല്ലട ഭാഗത്ത് വീടുകൾക്ക് പൊട്ടലുണ്ടായപ്പോഴും തടാകത്തെ സംബന്ധിച്ച വിശദമായ പഠനം നടത്തണമെന്ന ആവശ്യം ഉയർന്നു. എന്നാൽ, അധികൃതർ ഇതിന് നടപടി സ്വീകരിച്ചില്ല.
ഇതിനിടയിൽ കേന്ദ്ര സംഘങ്ങൾ അടക്കം നിരവധി സംഘങ്ങൾ ഇതിനോടകം തടാകം സന്ദർശിച്ചു പോയിട്ടുണ്ട്. ഇപ്പോഴത്തെ നിറം മാറ്റത്തെ സംബന്ധിച്ച് പഠനം നടത്തുന്നതിന് വെള്ളത്തിന്റെ സാമ്പ്ൾ ശേഖരിക്കാൻ കോഴിക്കോട് ജല വിഭവ വികസന മാനേജ്മെന്റ് കേന്ദ്രത്തിൽനിന്ന് ഉദ്യോഗസ്ഥർ ബുധനാഴ്ച എത്തുമെന്ന് സയന്റിസ്റ്റ് ഡോ. ഹരികുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.