ശാസ്താംകോട്ട : കൊല്ലം - തേനി ദേശീയപാതയിൽ ശൂരനാട് വടക്ക് ആനയടി പാലത്തിൽ വാഹനാപകടങ്ങളും മരണങ്ങളും പതിവാകുന്നു. പള്ളിക്കലാറിന് കുറുകെ നിർമിച്ച പാലത്തിനോട് ചേർന്നുള്ള കൊടുംവളവാണ് അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. താമരക്കുളം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ കൊടും വളവിലെത്തുമ്പോൾ ദിശ മാറുന്നതാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്.
കൊടുംവളവും റോഡിന്റെ ഏറ്റക്കുറച്ചിലും അശാസ്ത്രീയമായ നിർമ്മാണവും വാഹനങ്ങളുടെ അമിത വേഗതയുമാണ് ഇതിനു കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. പാലത്തിന്റെ കൈവരികളിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് നെറ്റുകളിലും വാഹനങ്ങൾ പാഞ്ഞ് കയറി അപകടം സംഭവിച്ചിട്ടുണ്ട്.
ഇരുമ്പുനെറ്റ് പല ഭാഗത്തും തകർച്ചയിലാണ്. മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ സ്ഥാപിച്ചിട്ടില്ല. കൂടാതെ പാലത്തിന്റെ വശങ്ങളിൽ ഉൾപ്പെടെ കാടും കയറി കിടക്കുകയാണ്. അതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആനയടി പാലത്തിലെ കൊടുംവളവിൽ മാത്രം നൂറോളം അപകടങ്ങളാണുണ്ടായത്.
പഴയ പാലത്തിലുണ്ടായിരുന്ന വളവുകൾ നീക്കി പുതിയ പാലം നിർമ്മിക്കണമെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും നടപ്പായില്ല. റോഡിന്റെ താഴ്ചയും വളവും കാരണം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയില്ല. പാലത്തിലേക്ക് കയറുമ്പോൾ മാത്രമാണ് വാഹനങ്ങൾ കാണുന്നത്. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു.
ആനയടി പാലത്തിലൂടെയുള്ള റോഡ് ദേശീയ പാതയായി ഉയർത്തിയതോടെ വാഹന തിരക്കും വർധിച്ചിട്ടുണ്ട്.എന്നാൽ ദേശീയപാത നിലവാരത്തിൽ റോഡും അനുബന്ധ കാര്യങ്ങളും വികസിക്കാത്തതാണ് ആനയടിക്ക് ശാപമായിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ ദേശീയ പാതയിൽ ശാസ്താംകോട്ട ഊക്കൻ മുക്ക് ആശുപത്രിയ്ക്ക് സമീപവും സ്ഥിരം അപകട മേഖലയാണ്. ആറിലധികം ആളുകൾ ഇവിടെ സമീപ കാലത്ത് മാത്രമായി അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.