ശാസ്താംകോട്ട: താലൂക്കാശുപത്രിയിൽ എക്സ്റേ യൂനിറ്റ് പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഇപ്പോഴും എക്സ്റേ എടുക്കാൻ കഴിയുന്നില്ലെന്ന് പരാതി. കഴിഞ്ഞദിവസങ്ങളിൽ എക്സറേ എടുക്കാൻ എത്തിയവരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ 25നാണ് ആശുപത്രിയിലെ എക്സ്റേ യൂനിറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എക്സ്റേ യൂനിറ്റ് പ്രവർത്തിച്ചിരുന്നകെട്ടിടം പൊളിച്ചതോടെ രണ്ടുവർഷം മുമ്പ് പ്രവർത്തനം നിർത്തുകയായിരുന്നു.
ഇതോടെ ആശുപത്രിയിൽ എത്തുന്നവർക്ക് എക്സ്റേ എടുക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവന്നു. താലൂക്ക് ആശുപത്രിയിലേതിനെക്കാൾ ആറും ഏഴും ഇരട്ടി തുക കൊടുത്ത് പുറത്തുനിന്ന് എക്സ്റേ എടുക്കേണ്ടി വരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ ആശുപത്രി വികസനത്തിന് വേണ്ടി വിട്ടുനൽകിയ പഞ്ചായത്ത് കോംപ്ലക്സിൽ എക്സ്റേ യൂനിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ അടക്കമുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ ഉദ്ഘാടന ചടങ്ങ് നടത്തിയ എക്സ്റേ യൂനിറ്റാണ് ഇപ്പോൾ പ്രവർത്തനക്ഷമമല്ലാതായിരിക്കുന്നത്. രണ്ട് വർഷത്തോളം ഉപയോഗിക്കാതിരുന്നതിനാൽ തകരാർ പരിഹരിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിവരം.
രാത്രി ഏഴ് മുതൽ രാവിലെ എട്ടുവരെ ആശുപത്രിയിൽ എക്സ്റേ സംവിധാനം ഇല്ലാത്തത് രാത്രിയിൽ അത്യാഹിതങ്ങളിൽപെട്ട് വരുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നു.
ഇതിനെതിരെയും പ്രതിഷേധമുണ്ട്. ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സ്റേ യൂനിറ്റ് ആരംഭിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.