ശാസ്താംകോട്ട: നാട്ടിൽ ഭീതിപരത്തി മോഷണസംഘം വിലസുന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇത്തരം ചെറുസംഘങ്ങൾ വിലസുകയാണ്.
ശാസ്താംകോട്ട മുതുപിലാക്കാട് അശ്വതി ജങ്ഷൻ ഭാഗത്തും കഴിഞ്ഞദിവസം പല വീടുകളിലും രണ്ടംഗസംഘം മതിൽ ചാടിക്കടന്ന് വാതിലുകളിൽ തട്ടുകയും ഓടിമറയുകയും ചെയ്തു. ശനിയാഴ്ച രാതി 11.45 ഓടെയാണ് സംഭവം. മൈനാഗപ്പള്ളി വേങ്ങയിലും ദിവസങ്ങളായി സമാനമായ സംഭവമുണ്ടായി. വീട്ടിൽ ആളനക്കവും വെളിച്ചവും ഉണ്ടായിരുന്നിട്ടുകൂടി ഇത്തരം സംഘങ്ങളെത്തുന്നത് മോഷണം നടത്തുക എന്നതിനേക്കാൾ ഉപരി വീട്ടുകാരെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും വിലയിരുത്തുന്നുണ്ട്.
സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളിലാണ് ഇത്തരക്കാരുടെ ശല്യം കൂടുതൽ. വീട്ടുകാർ ശ്രദ്ധിച്ചുവെന്ന് മനസ്സിലാക്കിയാൽ ഇവർ ഇരുളിലേക്ക് ഓടിമറയും.
സംഭവം അറിയിച്ച് പൊലീസെത്തി പരിശോധന നടത്തുമെങ്കിലും ഭീതി വിട്ടൊഴിയാതെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഉറങ്ങാതെ നേരം വെളുപ്പിക്കും.
ഒരാഴ്ചക്കിടെ ചില വീടുകളിൽനിന്ന് റബർ ഷീറ്റുകൾ മോഷണം പോവുകയും വീടുകളിൽ സൂക്ഷിച്ച ബൈക്കുകളിൽനിന്ന് പെട്രോൾ ഊറ്റിക്കൊണ്ട് പോവുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും ഭീതിക്ക് കാരണമാകുന്നുണ്ട്. പല സ്ഥലത്ത് ഇത്തരക്കാരെ നേരിടാൻ യുവജനങ്ങളുടെ കൂട്ടായ്മകൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.