ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിനോട് ചേർന്ന കാട് വെട്ടിത്തെളിച്ചു. ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി. കാട് വെട്ടിത്തെളിക്കുകയും പ്ലാറ്റ്ഫോം വൃത്തിയാക്കുകയും ചെയ്തു.
റെയിൽ സിറ്റി വാട്ട്സാപ്പ് ഗ്രൂപ്പ് ഭാരവഹികൾ വാർത്ത റെയിൽവേ അധികൃതരുടെയും കൊടികുന്നിൽ സൂരേഷ് എം.പിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് അടിയന്തിര നടപടി ഉണ്ടായത്.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് പ്രദേശവാസികൾ കടന്നുപോകുന്ന ഭാഗത്ത് ട്രാക്കിനോട് ചേർന്ന് കാട് വെട്ടി മാറ്റാത്തത് അപകടം സൃഷ്ടിച്ചിരുന്നു. ഈ ഭാഗത്ത് ട്രാക്കുകൾ വളഞ്ഞാണ് കിടക്കുന്നത്. കാട് കൂടി ആയതോടെ കൊല്ലം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകൾ ട്രാക്ക് മുറിച്ച് കടക്കുന്നവർക്ക് കാണാൻ കഴിയാതാവുകയും ട്രെയിൻ വരുമ്പോൾ അടിയിൽപ്പെടുന്നതും പതിവായിരുന്നു.
രണ്ടാഴ്ച മുമ്പ് തൊഴിലുറപ്പ് തൊഴിലാളി ഇത്തരത്തിൽ ട്രെയിനിടിച്ച് മരിച്ചു. സമാനമായ നിരവധി സംഭവങ്ങൾ മുമ്പും ഇവിടെ നടന്നു.
മുമ്പ് ട്രാക്കിനോട് ചേർന്നുള്ള കാടും പടലവും റെയിൽവേ ജീവനക്കാരെക്കൊണ്ട് തന്നെ അധികൃതർ വൃത്തിയാക്കിച്ചിരുന്നു. ഫണ്ട് ഇല്ലാത്തത് കാരണം കഴിഞ്ഞ രണ്ട് വർഷത്തിലധികമായി കാട് വെട്ടിത്തെളിക്കാറില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.