ശാസ്താംകോട്ട: തടാകതീരത്തെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. തടാകം കാണാൻ എത്തുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങളില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ല പഞ്ചായത്ത് 90 ലക്ഷം രൂപ ചെലവഴിച്ച് അമ്പലകടവിൽ സൗന്ദര്യവത്കരണം തുടങ്ങിയത്.
ഇതിന്റെ ഭാഗമായി വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്തുണ്ടായിരുന്ന പഴയ കൽപ്പടവുകൾ പുതുക്കിപ്പണിഞ്ഞു. തൊട്ടടുത്തെ കാത്തിരിപ്പ് കേന്ദ്രവും ഓപൺ എയർ ഓഡിറ്റോറിയമായി ഉപയോഗിക്കാവുന്ന തരത്തിലുള്ള സ്റ്റേജ് നിർമിക്കുകയാണ്.
ഇതിൽ 1982ൽ നടന്ന തടാക ദുരന്തത്തിന്റെ സിമൻറിൽ തീർത്ത ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിന്റെ മുൻഭാഗത്തുൾപ്പെടെ തറയോട് പാകി കഴിഞ്ഞിട്ടുമുണ്ട്.
ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച് അമ്പലകടവിൽ അവസാനിക്കുന്നതും ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതുമായ കൽപ്പടവുകളിൽ ടൈൽ പാകി. കൽപ്പടവുകളുടെ വശങ്ങളിലും ഇരിപ്പടങ്ങൾ നിർമിക്കാനുള്ള പണി നടക്കുന്നു.
തുടക്കത്തിലുള്ള കമാനത്തിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. ആളുകൾക്ക് ഇരിക്കാനുള്ള സ്റ്റീൽ കസേരകളെത്തി. അലങ്കാര വിളക്കുകളും സ്ഥാപിച്ചുകഴിഞ്ഞു.
പരിസ്ഥിതി ദിനാചരണം അടക്കമുള്ളവയുടെ ഭാഗമായി നട്ട മരങ്ങളും മുളകളും സംരക്ഷിച്ചു വളർത്തുന്നതിനാൽ തടാകതീരം ഹരിതാഭയുമായിട്ടുണ്ട്. നേരുത്തേ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തടാകതീരത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിയിരുന്നു. മിനി മാറ്റ്സ് ലൈറ്റും സ്ഥാപിച്ചു.
തടാകതീരസൗന്ദര്യവത്കരണ പദ്ധതി പൂർത്തിയാകുമ്പോൾ തടാകം സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ, ഇതിന്റെ മറവിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി കൂടി വേണമെന്നാണ് പൊതുജന അഭിപ്രായം. ഇതിന് വേണ്ടി സി.സി.ടി.വികൾ സ്ഥാപിക്കണമെന്നും കാവൽക്കാരെ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.