ശാസ്താംകോട്ട: സ്കൂൾ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ചെന്ന കേസിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് രക്ഷാകർത്താക്കൾ സംസ്ഥാന ബാലാവകാശ കമീഷനും കൊട്ടാരക്കര റൂറൽ എസ്.പിക്കും പരാതി നൽകി. മൈനാഗപ്പള്ളി മിലാദേ ഷെരീഫിലെ 10ാം ക്ലാസ് വിദ്യാർഥിയും ഐ.സി.എസ് ജങ്ഷനിൽ പി.എച്ച് മൻസിലിൽ സിദ്ധീഖിന്റെ മകനുമായ ആഷിഖി(15)ന് കഴിഞ്ഞ 24ന് മർദനമേറ്റതായാണ് പരാതി. വൈകീട്ട് അഞ്ചോടെ ബൈക്കുകളിലെത്തിയ ഏഴുപേർ ആഷിഖിനെ ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിലിട്ട് മർദിക്കുകയുമായിരുന്നു. ഗുരുതരമായി മർദനമേറ്റ ആഷിഖിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അക്രമി സംഘത്തിലെ നാലുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മാരാരിത്തോട്ടം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി മെസേജ് അയച്ചു എന്ന പേരിലാണ് ക്വട്ടേഷൻ സംഘം അജ്മലിനെ മർദിച്ചതെന്നും ക്വട്ടേഷൻ കൊടുത്തവരെയും വ്യാജ ഐ.ഡി ഉണ്ടാക്കി സന്ദേശം അയച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ഇതിനിടയിൽപിടിയിലായ പ്രതികൾക്ക് ജാമ്യം ലഭിച്ചു.
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ പൊലീസ് ഗൗരവതരമായ വകുപ്പ് ചുമത്താത്തത് കാരണമാണ് ജാമ്യം ലഭിക്കാൻ ഇടയായതെന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതരും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.