കൊല്ലം: എസ്.എസ്.എൽ.സി വിജയത്തിൽ എക്കാലത്തെയും മികച്ച ഫലവുമായി തലയുയർത്തി ജില്ല. 99.55 ശതമാനം വിദ്യാർഥികൾ ആണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെ 99.51 ശതമാനത്തെ പിന്തള്ളിയാണ് ഇത്തവണ വിദ്യാർഥികൾ ജില്ലയുടെ ചരിത്രത്തിലെമികച്ച വിജയശതമാനത്തിലേക്ക് കുതിച്ചത്.
ആകെ 30279 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 30144 പേർ ഉപരിപഠനത്തിലേക്ക് വഴിതുറന്നു. പരീക്ഷ എഴുതിയ 15483 ആൺകുട്ടികളിൽ 15418 പേരും 14796 പെൺകുട്ടികളിൽ 14726 പേരുമാണ് നേട്ടം കൈവരിച്ചത്.
ആകെ 167 സ്കൂളുകൾ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളെയും ഉപരിപഠനത്തിന് യോഗ്യരാക്കി 100 ശതമാനം വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ 172 സ്കൂളുകൾക്കാണ് ഈ നേട്ടമുണ്ടായിരുന്നത്. ഇത്തവണ 57 സർക്കാർ സ്കൂളുകളും 90 എയ്ഡഡ് സ്കൂളുകളും 20 അൺ എയ്ഡഡ് സ്കൂളുകളുമാണ് എല്ലാ വിദ്യാർഥികളെയും വിജയത്തിലെത്തിച്ച് മികവിന്റെ കേന്ദ്രങ്ങളായത്.
എ പ്ലസ് കണക്കിലും ജില്ല മുന്നേറി. സംസ്ഥാനത്ത് മൂന്നാം സ്ഥാനവുമായി ആകെ 7146 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ വർഷം 6458 വിദ്യാർഥികളാണ് എ പ്ലസ് നേടിയത്. പെൺകുട്ടികളാണ് ഇത്തവണയും മുന്നിൽ. 4393 പെൺകുട്ടികളാണ് എ പ്ലസ് നേടിയത്. ആൺകുട്ടികളിൽ 2753 പേർക്കാണ് എ പ്ലസ്.
സംസ്ഥാന വിജയശതമാനത്തിനും മുകളിൽ നിൽക്കുന്ന നേട്ടമാണ് ജില്ലയിൽ വിദ്യാഭ്യാസ ജില്ലയായ കൊട്ടാരക്കര കരസ്ഥമാക്കിയത്. മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമത്തെത്തിയ കൊട്ടാരക്കര 99.83 ശതമാനം നേടി. 7650 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 7637 പേർ വിജയം സ്വന്തമാക്കി. 3900 ആൺകുട്ടികളിൽ 3893 പേരും 3750 പെൺകുട്ടികളിൽ 3744 പേരും യോഗ്യത നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ വിദ്യാഭ്യാസ ജില്ലയായ കൊല്ലം ആണ് ശതമാനത്തിൽ രണ്ടാമത്.
99.47 ശതമാനം വിജയമാണ്. ആകെ 16254 പേർ പരീക്ഷ എഴുതിയതിൽ 16168 പേർ ഉന്നത യോഗ്യത നേടി. 8271(പരീക്ഷ എഴുതിയത് -8305 ) ആൺകുട്ടികളും 7897(7949) പെൺകുട്ടികളുമാണ് വിജയിച്ചത്. പുനലൂരിൽ 99.44 ശതമാനമാണ് വിജയം. ആകെ പരീക്ഷ എഴുതിയ 6375 വിദ്യാർഥികളിൽ 6339 പേർ ഉപരിപഠനയോഗ്യത നേടി വിജയിച്ചു. 3254( 3278) ആൺകുട്ടികളും 3085(3097) പെൺകുട്ടികളുമാണ് മലയോര മേഖലയിൽ വിജയം വരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.