കൊല്ലം: സംസ്ഥാന സ്കൂൾ കായികമേള കഴിഞ്ഞ് തലസ്ഥാനത്ത് ട്രാക്ക് ഒഴിഞ്ഞപ്പോൾ കൊല്ലത്തിന് കിട്ടിയത് ഒരുസ്വർണം മാത്രം. മൂന്ന് വെങ്കലത്തിന്‍റെകൂടി കണക്കിൽ ലഭിച്ച ഒമ്പത് പോയന്‍റുമായി 11-ാം സ്ഥാനത്താണ് കൊല്ലം ജില്ല.
സീനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ചാട്ടുളിയായി പറന്ന പുനലൂർ സെന്‍റ് ഗൊരേറ്റിയുടെ ബി. അബിമോനാണ് കൊല്ലത്തിന്‍റെ അഭിമാനമുയർത്തിയ ഏക പൊൻതാരകം. 55.87 സെക്കൻഡിലാണ് സ്വർണത്തിലേക്ക് അബിമോൻ പറന്നെത്തിയത്.
ഭൂതക്കുളം ഗവ.എച്ച്.എസ്.എസിന്‍റെ എസ്. നവമിയുടെ വെങ്കലത്തിലൂടെയാണ് സംസ്ഥാന മേളയുടെ ഒന്നാം ദിനത്തിൽ ആദ്യമായി ജില്ല പോയന്‍റ് പട്ടികയിൽ ഇടംപിടിച്ചത്. സ്വർണം പിറക്കാൻ പിറ്റേന്ന് വൈകീട്ട് അബിമോന്‍റെ മത്സരംവരെ കാക്കേണ്ടിവന്നു. ഷോട്പുട്ടിൽ സായിയുടെ സീനിയർ താരം നിരഞ്ജന കൃഷ്ണയുടെയും ജൂനിയർ പെൺകുട്ടികളുടെ 4 x100 റിലേ ടീമിന്‍റെയും വെങ്കലമാണ് പിന്നീട് ജില്ലയുടെ സമ്പാദ്യം.
സംസ്ഥാനത്തെ സായിയുടെ പ്രധാന കേന്ദ്രമായ കൊല്ലം സായിയിൽനിന്നുള്ളതും സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ നിന്നുള്ളതുമായ കുട്ടികളുമായി സംസ്ഥാന മേളയിൽ പങ്കെടുക്കാൻ പോയ കൊല്ലത്തിന് ഒരു സ്വർണമെഡൽ കിട്ടാൻ, സ്വന്തമായി ഒരു ഗ്രൗണ്ട് പോലുമില്ലാത്ത സെന്‍റ് ഗൊരേറ്റി എച്ച്.എസ്.എസിന്‍റെ പ്രതിഭതന്നെ വേണ്ടിവന്നു.
അവസാന ദിനത്തിൽ ഗൊരേറ്റിയുടെതന്നെ ജോജി അന്ന ജോൺ സീനിയർ ഹൈജംപിൽ 1.44 മീറ്റർ ചാടിയിട്ടും ഇതേ ദൂരം ചാടിയ കോട്ടയം താരത്തിന് മുന്നിൽ വെങ്കലം വിട്ടുകൊടുക്കേണ്ടിവന്നത് തികച്ചും നിർഭാഗ്യമായി. ആദ്യ ചാട്ടത്തിൽ ഈ ഉയരം കടന്നതാണ് കോട്ടയം താരത്തിന് അനുകൂലമായത്.
ഓംകാർനാഥ്, നേഹ മറിയം മാത്യു, ലിഖിൻ, കാവ്യ ബി. ദിലീപ്, ലിമോൻ, എബിൻ ബിജു, രേഷ്മ, റെനി, ആതിര, നൗഫി, മാല, രാഹുൽ രാജ് എന്നിങ്ങനെ സെന്‍റ് ഗൊരേറ്റിയുടെ എം. ജയചന്ദ്രൻ എന്ന പരിശീലകന്‍റെ കീഴിൽ ദേശീയതലംവരെ തിളങ്ങിയ ഒരുപിടി താരങ്ങളുടെ നിരയിലേക്കാണ് അബിമോനും സ്വർണനേട്ടത്തിലൂടെ ഇടംപിടിച്ചത്.
ട്രാക്കിൽ ഒന്ന് ഓടാൻ കൊതിച്ചെത്തിയ അഞ്ചാം ക്ലാസുകാരനെ കഴിവില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചുവിട്ട മറ്റൊരു സ്കൂളിലെ അധ്യാപകനുള്ള മറുപടി കൂടിയാണ് അബിമോന് ഈ സ്വർണനേട്ടം. വിദേശജോലി ഉപേക്ഷിച്ച് മകന്‍റെ സ്വപ്നത്തിനായി കാവലിരിക്കുന്ന പിതാവ് ബിനു വർഗീസിനും മാതാവ് ഷീജക്കും ഇതിലും നല്ലൊരു സമ്മാനം ആ മകന് നൽകാനുണ്ടായിരുന്നില്ല.
പ്ലസ് ടു ആകുമ്പോഴേക്കും സുവർണതാരമാക്കുമെന്ന തന്‍റെ വാക്ക് പാലിക്കാനായതിന്‍റെ ആഹ്ലാദത്തിലാണ് കോച്ച് എം. ജയചന്ദ്രൻ അബിമോനെ ചേർത്തുപിടിച്ചത്.
ഇനിയെങ്കിലും തങ്ങൾക്ക് പരിശീലിക്കാൻ ഒരു നല്ല ഗ്രൗണ്ട് കിട്ടുമോ എന്നാണ് അബിമോൻ തന്‍റെ സ്വർണത്തിലൂടെ കൊല്ലത്തെ അധികാരികളോട് ചോദിക്കുന്നത്. കാടുപിടിച്ചുകിടക്കുന്ന പുനലൂർ മുനിസിപ്പാലിറ്റി സ്റ്റേഡിയം ഇനിയെങ്കിലും തുറക്കാൻ അധികൃതർ കനിയണമെന്ന അപേക്ഷയാണ് അവൻ ഫിനിഷ് ലൈനിൽ സ്വർണമെഡലിനൊപ്പം വെച്ചത്.
നിലവിൽ എട്ട് കിലോമീറ്ററോളം ദൂരെയുള്ള അസീസിയ സ്കൂൾ ഗ്രൗണ്ടിലും അഞ്ചൽ ഈസ്റ്റ് സ്കൂൾ ഗ്രൗണ്ടിലുമാണ് ജില്ലയിലെ ചാമ്പ്യൻ സ്കൂളായ സെന്‍റ് ഗൊരേറ്റിയുടെ കുട്ടികൾ പലപ്പോഴും പരിശീലിക്കുന്നത്. രാവിലെയും വൈകീട്ടുമായി നടക്കുന്ന പരിശീലനത്തിന് വേണ്ടിയുള്ള യാത്രതന്നെ ഈ കുട്ടികൾക്ക് വലിയ വെല്ലുവിളിയാണ്.
ഹൈജംപിൽ ജോജി അന്ന ജോണിന് നഷ്ടപ്പെട്ട മെഡലും അധികൃതരുടെ അവഗണനയുടെ ഫലമാണ്. ജില്ല പഞ്ചായത്തിന്‍റെ വകയായി ഉപജില്ലക്ക് നൽകിയ ജംപിങ് ബെഡ് സമീപത്തെ മറ്റൊരു സ്കൂളിൽ കിടന്ന്നശിക്കവെയാണ് നല്ലൊരു ബെഡ് ഇല്ലാതെ ചെറിയൊരു ബെഡിൽ ചാടിപ്പഠിച്ച് ജോജി സംസ്ഥാനത്ത് മെഡൽ നേട്ടത്തിന് അടുത്തെത്തിയത്.
സ്കൂളിലെ ചെറിയ ബെഡിൽ കുട്ടികൾ ചാടി പരിശീലിക്കുമ്പോൾ മറ്റ് കുട്ടികളെ ചുറ്റുംനിർത്തിയാണ് അപകടമൊഴിവാക്കുന്നത്. ജംപ് പൂർണമായി പരിശീലിക്കാനും ബെഡിന്‍റെ പരിമിതി കാരണം ജോജി ഉൾപ്പെടെ കുട്ടികൾക്ക് കഴിയുന്നില്ല. ജില്ല പഞ്ചായത്ത് അനുവദിച്ച ജംപിങ് ബെഡ് സബ്ജില്ലയിൽ ഒരു സ്കൂളിനും വേണ്ടാതെ തിരികെ കൊണ്ടുപോകുന്നതറിഞ്ഞ് പാതിവഴിയിൽ െവച്ച് ഏറ്റുവാങ്ങി സെന്‍റ് ഗൊരേറ്റിയിൽ എത്തിച്ചതായിരുന്നു.
അതിൽ ചാടിപ്പഠിച്ച് കുട്ടികൾ മെഡൽ വാങ്ങുന്നു എന്ന് കണ്ടതോടെ പലർക്കും പരാതിയായി; പരിഭവമായി. അങ്ങനെ ഗൊരേറ്റിയുടെ കുട്ടികളിൽനിന്ന് പിടിച്ചെടുത്ത് കൊണ്ടുപോയ ആ ബെഡ് സമീപത്തുതന്നെ മറ്റൊരു എയ്ഡഡ് സ്കൂളിൽ ഇപ്പോൾ നിത്യവിശ്രമത്തിലാണ്.
നല്ലൊരു ബെഡുണ്ടായിരുന്നെങ്കിൽ മികച്ച രീതിയിൽ പരിശീലനം നടത്തി സംസ്ഥാനത്ത് ഒന്നാമത് എത്താൻ കഴിയുന്ന പ്രതിഭയാണ് ജോജി. സ്വന്തം കൈയിൽ നിന്നുവരെ പണം മുടക്കി എം. ജയചന്ദ്രൻ എന്ന കായികാധ്യാപകൻ പിടിച്ചപിടിയാലെ നിൽക്കുന്നതിന്‍റെ ഫലമാണ് കൊല്ലത്തിന് പറയാൻ ഇത്തവണ ഒരു സ്വർണമെങ്കിലും ഉണ്ടായത്.
മികച്ച ഭക്ഷണം ഉൾപ്പെടെ എല്ലാ സുഖസൗകര്യങ്ങളുമായി പരിശീലിക്കുന്ന സ്പോർട്സ് സ്കൂളുകളിൽനിന്നുള്ള കുട്ടികൾ പിന്നാക്കംപോയ സ്ഥാനത്ത് പ്രതിഭകളെ തിരിച്ചറിഞ്ഞ് പരിമിതിക്കുള്ളിൽനിന്ന് അവർക്ക് മുന്നേറാനുള്ള പരിശീലനം നൽകിയാണ് സെന്‍റ് ഗൊരേറ്റി സംസ്ഥാന കായികക്കളത്തിൽ സുവർണപട്ടികയിൽ ഇടംപിടിച്ചത്.
ഇനിയെങ്കിലും ആവശ്യമായ സഹായം നൽകി തങ്ങൾക്കൊരു കൈത്താങ്ങാകാൻ അധികൃതർക്ക് താൽപര്യമുണ്ടാകുമോ എന്നാണ് സെന്‍റ് ഗൊരേറ്റിയുടെ പുതുതലമുറ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.