അഞ്ചൽ: തടിക്കാട് പ്രദേശത്തെ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം സി.പി.ഐ, സി.പി.എം പാർട്ടികൾ ഏറ്റെടുത്തതോടെ നാട്ടിൽ സംഘർഷാവസ്ഥ. യാത്രാ ബസുകളിൽ കയറുന്നതിനെപ്പറ്റി തടിക്കാട് എ.കെ.എം സ്കൂൾ, തടിക്കാട് എച്ച്.എസ്.എസ് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിൽ വൈകുന്നേരങ്ങളിൽ തർക്കവും സംഘർഷവും ഇടക്ക് നടക്കാറുണ്ട്.
ടി.എച്ച്.എസിലെ വിദ്യാർഥികൾ തടിക്കാട് പുളിമുക്കിലെത്തി യാത്രാ ബസിൽ കയറിപ്പോകുന്നതിനെ എ.കെ.എം സ്കൂളിലെ ഏതാനും വിദ്യാർഥികൾ എതിർക്കുകയും ഇരുകൂട്ടരും തമ്മിൽ കൈയാങ്കളി ഉണ്ടാകുകയും ചെയ്യുന്നത് പലപ്പോഴും നാട്ടുകാർ ഇടപെട്ട് ഒഴിവാക്കാറാണ് പതിവ്. എന്നാൽ, കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ സി.പി.ഐ പ്രവർത്തകർ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചെന്നും ടി.എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥിയായ തടിക്കാട് വായനശാലമുക്കിൽ ഷാജഹാൻ മൻസിലിൽ നബീലിനെ (17) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സി.പി.എം നേതൃത്വം പറഞ്ഞു.
എന്നാൽ, എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫിൽ ചേർന്ന വിദ്യാർഥികളെ എസ്.എഫ്.ഐക്കാർ മർദിക്കുന്നത് സ്ഥലത്തുണ്ടായിരുന്ന സി.പി.ഐ പ്രവർത്തകർ തടയാൻ ശ്രമിക്കുകയാണുണ്ടായതെന്നും സി.പി.ഐ നേതൃത്വവും വ്യക്തമാക്കി. സംഘർഷസ്ഥിതി കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.