കൊല്ലം: ട്രെയിനുകളിൽനിന്ന് ഇറക്കുന്ന പാർസലുകൾ യഥാസമയം നീക്കം ചെയ്യാത്തതുമൂലം കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ വലയുന്നു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് മിക്കപ്പോഴും വലിയ അളവിൽ പാർസലുകൾ കുന്നുകൂടിക്കിടക്കുക. ഇതുമൂലം യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽകൂടി സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
ഇതരസംസ്ഥാനങ്ങളിൽനിന്ന് വലിയതോതിൽ സാധനങ്ങൾ ട്രെയിൻമാർഗം കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരുന്നുണ്ട്. തുണിത്തരങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, ഫാൻസി ഉൽപന്നങ്ങൾ, മത്സ്യം തുടങ്ങിയവ ഇതിൽപ്പെടുന്നു. ട്രെയിനുകളിൽനിന്ന് ഇവ ഇറക്കിയശേഷം ഏറെനേരം കഴിഞ്ഞാണ് പ്ലാറ്റ്ഫോമിൽ നിന്നും മാറ്റുക. ഈ സമയമത്രയും കൂറ്റൻ പാർസലുകൾകാരണം യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽകൂടി നടക്കാനാവുന്നില്ലെന്ന പരാതി വ്യാപകമാണ്.
പാർസലുകൾ ട്രെയിനുകളിൽനിന്ന് ഇറക്കിയശേഷം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം ഒതുക്കിവെക്കണമെന്ന നിർദേശം ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകാൻ റെയിൽവേ ഉദ്യോഗസ്ഥർ തയാറാവുന്നുമില്ല.
പാർസലായി എത്തുന്ന മത്സ്യപാക്കറ്റുകളിൽനിന്നുള്ള വെള്ളം പ്ലാറ്റ്ഫോമിൽ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതും പതിവാണ്. റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായ ജോലികൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ ഭാഗം ഇരുമ്പ് ഷീറ്റുകൾകൊണ്ട് മറച്ചതോടെ പ്ലാറ്റ്ഫോമിന്റെ വീതീ കുറഞ്ഞു. ഇതുമൂലം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തുന്ന ട്രെയിനുകളുടെ മുൻ ഭാഗത്തെ കോച്ചുകളിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഭാഗത്ത് സ്ഥപരിമിതിയുണ്ട്.
വീതികുറഞ്ഞ ഇൗ ഭാഗത്തടക്കം മിക്ക സമയങ്ങളിലും വലിയ പാർസൽ കെട്ടുകൾകുന്നുകൂട്ടിയിടുകയാണ്. ഇക്കാര്യം യാത്രക്കാർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയാലും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.