കൊല്ലം: റെയിൽവേ സ്റ്റേഷനിൽ അവശ നിലയിലായ യുവതിക്ക് രക്ഷകരായി കൊല്ലം ഈസ്റ്റ് പൊലീസ്. വെള്ളിയാഴ്ച്ച നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്തിരുന്ന ജി.എസ്.ഐ രണദേവ്, സി.പി. അജയകുമാർ എന്നിവരാണ് യുവതിക്ക് രക്ഷകരായത്. ശനിയാഴ്ച വെളുപ്പിന് 1.50 ഓടെയാണ് എമർജൻസി റെസ്പോൺസ് കൺട്രോൾ റൂമിലേക്ക് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കുന്നത്. സന്ദേശത്തിന്റെ ഉറവിടം കൊല്ലം റെയിൽവേ സ്റ്റേഷനാണെന്ന് മനസിലാക്കി എമർജൻസി റെസ്പോൺസ് കൺട്രോൾ റൂമിൽ നിന്നും വിവരം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
എസ്.ഐ രണദേവിന്റെ നേതൃത്വത്തിലുള്ള നൈറ്റ് പട്രോളിംഗ് സംഘം ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിലെത്തി യുവതിയുടെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്യുന്നതല്ലാതെ ആരും എടുത്തില്ല.
തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ജീവനുവേണ്ടി പിടയുന്ന യുവതിയെയാണ് കണ്ടത്. ഉടൻ പൊലീസ് ജീപ്പിൽ കയറ്റി ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ എത്തി പരിശോധിച്ചതിൽ യുവതിക്ക് ഹൃദയഘാതം ആയിരുന്നു എന്നും ഉടൻ എത്തിച്ചതുകൊണ്ടാണ് (ഗോൾഡൻ ഹവർ) രക്ഷിക്കാൻ ആയത് എന്നും അറിയിച്ചു. യുവതിയെ ഉടൻ കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. വിവരം യുവതിയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.
ആലപ്പൂഴ തൂറവൂർ സ്വദേശിനിയായ യുവതി അത്യാസന നില തരണം ചെയ്ത് സുഖം പ്രാപിച്ച് വരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ പ്രവർത്തനം മാതൃകാപരമാണെന്നും അഭിനന്ദനാർഹമാണെന്നും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരെസാ ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.