കൊല്ലം: തീരമേഖലയിലെ യുവാക്കൾക്ക് വൈജ്ഞാനിക മേഖലയിൽ തൊഴിൽ ലഭ്യമാക്കുവാനായി ഫിഷറീസ് വകുപ്പും നോളജ് ഇക്കോണമി മിഷനും സംയുക്തമായി ആവിഷ്കരിച്ച തൊഴിൽതീരം പദ്ധതിയിൽ ജില്ലയിൽനിന്ന് രജിസ്റ്റർ ചെയ്തത് 5304 പേർ.
1986 പുരുഷന്മാരും 3315 സ്ത്രീകളും മൂന്ന് ട്രാൻസ്ജൻഡറുമാരും ഉൾപ്പെടെയാണിത്. ജില്ലയിലെ അഞ്ച് നിയോജക നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി വിഭാവനം ചെയ്തത്. കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലാണ് പദ്ധതി ആവിഷ്കരിച്ചത്. അതാത് നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ അധ്യക്ഷരായുള്ള സംഘാടക സമിതികള്‍ക്കാണ് നിര്‍വഹണച്ചുമതല.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാന വര്‍ധനവും സാംസ്കാരിക - വിദ്യാഭ്യാസ ഉയര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. പുതുതായി നൈപുണ്യ പരിശീലനങ്ങൾക്ക് താൽപര്യമുള്ളവരുടെ സർവേ ജില്ലയിൽ ഫിഷറീസ് വകുപ്പും നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടത്തിയിരുന്നു. സർവേയിൽ താൽപര്യമറിയിച്ച് പുതുതായി എത്തിയ 5957 പേർക്കാകും തുടർന്ന് പരിശീലനം നടത്തുക. ഡിസംബർ, ജനുവരി മാസങ്ങളിലാണ് പുതുതായി സർവേയിൽ താൽപര്യമറിയിച്ചവർക്ക് പരിശീലനം ഓൺലൈനായും ഓഫ്ലൈനായും പ്രാദേശികമായി നൽകും. പേഴ്സനൽ മെന്ററിങ്, പ്രഫഷനൽ മെന്ററിങ്, ഇന്റർവ്യൂ പ്രിപറേഷൻ, റെസ്യൂമേ നിർമാണം എന്നിവയിലാകും പ്രധാനമായും പരിശീലനം. തുടർന്ന് പരിശീലനം നേടിയ യവര്‍ക്ക് 2025 മാർച്ചോടെ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജില്ലയിലെ തെരഞ്ഞെടുത്ത നിയോജക മണ്ഡലാടിസ്ഥാനത്തിൽ തൊഴില്‍മേളകൾ സംഘടിപ്പിക്കും.
രജിസ്റ്റർ ചെയ്തവർക്ക് അഭിരുചിക്ക് അനുസരിച്ച് തൊഴിൽ തെരഞ്ഞെടുക്കുന്നതിനുള്ള വർക്ക് റെഡിനെസ് ഓറിയന്റേഷൻ പരിപാടി ഡിസംബറിൽ പൂർത്തിയാക്കും. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ നോളജ് ഇക്കോണമി മിഷൻ ലക്ഷ്യമിടുന്നത്. മത്സ്യബന്ധന സമൂഹത്തിന്റെ സാമൂഹികാവസ്ഥ പരിഗണിച്ച് പത്താംക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കാകും പരിശീലനം നൽകുക. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍മേള സംഘടിപ്പിക്കുന്നതിനുമായി സാഫ് ഫെസിലിറ്റേറ്റര്‍മാര്‍, പുനര്‍ഗേഹം മോട്ടിവേറ്റര്‍മാര്‍, മത്സ്യഫെഡ് പ്രോജക്ട് ഓഫിസര്‍മാര്‍, സാഗര്‍മിത്രകള്‍ എന്നിവരെയാണ് വോളന്റിയര്‍മാരായി നിയമിച്ചിക്കുന്നത്. ലോകമെമ്പാടുമുള്ള തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോം വഴിയാണ് ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.