കൊല്ലം: ഹൗസ് സർജൻ ഡോ. വന്ദനാദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്ച കൊട്ടാരക്കര ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. നെടുമ്പന യു.പി സ്കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ ചെറുകരകോണം ശ്രീനിലയത്തിൽ ജി. സന്ദീപ് (42) ആണ് പ്രതി. മേയ് 10ന് പുലർച്ച 4.45നായിരുന്നു വന്ദന കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഡ്യൂട്ടിക്കിടെ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെടുന്ന ആദ്യ സംഭവം കൂടിയായിരുന്നു ഇത്.
പൊലീസ് ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ച സന്ദീപ് അക്രമാസക്തനാവുകയായിരുന്നു. കുത്തേറ്റ വന്ദനയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അടുത്തദിവസം രാവിലെ മരിച്ചു. വ്യവസായിയായ കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നമ്പിച്ചിറകാലായിൽ കെ.ജി. മോഹൻദാസിന്റെയും തിരുവനന്തപുരം സ്വദേശിനി വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന.
സ്ഥിരമായി മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുമായിരുന്ന സന്ദീപ് ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. സംഭവദിവസം രാത്രിയും പ്രദേശവാസികളുമായി ഇയാൾ വഴക്കുണ്ടാക്കി. തന്നെ ആരോ വധിക്കാൻ ശ്രമിക്കുന്നതായി രാത്രി ഒന്നിന് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു. കാലിന് പരിക്കേറ്റ നിലയിലായിരുന്ന ഇയാളെ പൊലീസ് താലൂക്കാശുപത്രിയിലെത്തിച്ചു. അത്യാഹിതവിഭാഗത്തിൽ ഹൗസ് സർജന്മാരായ വന്ദനയും ഷിബിനുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. മുറിവ് വൃത്തിയാക്കിയിറങ്ങിയ ഉടൻ സന്ദീപ് പ്രകോപിതനായി ബന്ധു രാജേന്ദ്രൻപിള്ളയെ ചവിട്ടിവീഴ്ത്തി െഡ്രസിങ് റൂമിലെ കത്രികയെടുത്ത് ബിനുവിനെ കുത്തി. തടയാനെത്തിയ ഹോം ഗാർഡ് അലക്സ് കുട്ടിക്കും കുത്തേറ്റു. ആംബുലൻസ് ഡ്രൈവര്‍ രാജേഷ് മറ്റ് വനിതാ ജീവനക്കാരെയെല്ലാം നഴ്സുമാരുടെ മുറിയിലേക്ക് ഉടൻ മാറ്റി. സ്തംഭിച്ചുനിന്ന വന്ദനയെ ഒബ്സർവേഷൻ റൂമിൽെവച്ച് സന്ദീപ് പിടലിയിലും തലയിലും തുടർച്ചയായി കുത്തുകയായിരുന്നു. നിലത്തുവീണതോടെ തറയിലിട്ടും കുത്തി. 17 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്.
അറസ്റ്റിലായ സന്ദീപിനെ വിദ്യാഭ്യാസവകുപ്പ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാളുടെ ജാമ്യഹരജി ജില്ല കോടതി കഴിഞ്ഞയാഴ്ചയാണ് തള്ളിയത്. അടുത്തമാസം 10ന് ഡോ. വന്ദനദാസ് കൊല്ലപ്പെട്ടിട്ട് 90 ദിവസം തികയും. ഇതിന് മുമ്പാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.