കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായ നടപടി ക്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സുഖമില്ലാത്തതിനാൽ പ്രതിയെ ഹാജരാക്കിയില്ല. തുടർന്ന് കഴിഞ്ഞയാഴ്ച പ്രതിഭാഗം സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു.
ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്നും പ്രതിക്ക് ജാമ്യം നൽകിയാൽ അതു സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കൾ ഹൈകോടതിയിൽ നൽകിയ ഹരജി ഈ മാസം 18ന് പരിഗണിക്കും. ഇതിൽ ഉത്തരവ് വരുന്നതുവരെ ജില്ല കോടതിയിലെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുടെ പകർപ്പ് പ്രതിഭാഗത്തിനു കൂടി നൽകണമെന്ന് നിർദേശിച്ച് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽനിന്ന് വിചാരണക്കായി ജില്ല സെഷൻസ് കോടതിക്ക് സെപ്റ്റംബറിലാണ് കേസ് കൈമാറിയത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മേയ് 10നു പുലർച്ചയാണ് കേസിന് ആസ്പദമായ സംഭവം.
പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച അധ്യാപകൻ കൂടിയായ സന്ദീപ് ഇവിടെവെച്ച് അക്രമാസക്തനാവുകയും ഡോ. വന്ദനാ ദാസ് ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയുമായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റവരടക്കം 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.